തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ രാജ്ഭവനിൽ നടത്തിയ വിരുന്ന് സത്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചതിൽ ഗവർണർ ആർ.വി.ആർലേക്കർക്ക് അതൃപ്തി. നീരസം പരസ്യമായി പ്രകടിപ്പിക്കേണ്ടതില്ലെന്നാണ് ഗവർണറുടെ നിലപാട്. അതൃപ്തിയറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നതടക്കം പരിഗണനയിലില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി.
അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും സർക്കാരിന്റെ പരിപാടികളിലെല്ലാം ഗവർണർ പങ്കെടുക്കുന്നുണ്ട്. മന്ത്രിമാർ രാജ്ഭവനിൽ കാണാനെത്തുമ്പോൾ ഊഷ്മളമായി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഔദ്യോഗികമായി ക്ഷണിച്ചിട്ടും വിരുന്ന് ബഹിഷ്കരിച്ചതിലാണ് ഗവർണർക്ക് നീരസം.വി.സി നിയമനങ്ങളിലും കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിലും സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് വിഭജന ഭീതി ദിനാചരണത്തിലും സർക്കാരും ഗവർണറുമായി പോര് നിലനിൽക്കുന്നുണ്ട്.
അതേസമയം, മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിരുന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങളും പറയുന്നു. വിരുന്നിൽ ചീഫ്സെക്രട്ടറി ഡോ.എ.ജയതിലകും ഡി.ജി.പി റവാഡ ചന്ദ്രശേഖറും ധനകാര്യ സെക്രട്ടറി കെ.ആർ.ജ്യോതിലാലും സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യസമര സേനാനികൾ, കര-നാവിക-വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ,സാമൂഹ്യ,സാമുദായിക,സാംസ്‌കാരിക മേഖലകളിലെ പ്രമുഖരടക്കം അഞ്ഞൂറിലേറെപ്പേർ ചടങ്ങിനെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |