ന്യൂഡൽഹി : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവാങ്ങുന്നതായി സൂചന. ഇന്ന് അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ട്രംപ് നിലപാട് മയപ്പെടുത്തിയത്. തീരുവ ചുമത്തുന്നതിൽ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നും ചിലപ്പോൾ തീരുവ ചുമത്തേണ്ടി വരില്ലെന്നും ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്തിയെന്നും ഒരഭിമുഖത്തിനിടെ ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ഇന്ത്യ ഏകദേശം 40 ശതമാനത്തോളം എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. ചൈനയും റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തിയാൽ അത് അവർക്ക് വലിയ തിരിച്ചടിയാകും. ആവശ്യമെങ്കിൽ താൻ അത് ചെയ്യും. എന്നാൽ അതിന്റെ ആവശ്യം വരില്ല എന്നും ട്രംപ് പറഞ്ഞു.
അതേസമയം യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ വെടിനിറുത്തലല്ല, സ്ഥിരമായ സമാധാന കരാറാണ് വേണ്ടതെന്ന വ്ലാഡിമിർ പുട്ടിന്റെ ആവശ്യത്തെ ട്രംപ് അംഗീകരിച്ചു. വെടിനിറുത്തൽ ശാശ്വതമല്ലെന്നും ട്രംപ് പറഞ്ഞു. ചർച്ചയ്ക്ക് തൊട്ടുമുമ്പ് വരെ വെടിനിറുത്തൽ വേണമെന്നായിരുന്നു നിലപാട്. ട്രംപിന്റെ മനംമാറ്റം യുക്രെയിനും യൂറോപ്യൻ സഖ്യകക്ഷികൾക്കും പ്രഹരമായി. സമാധാന കരാറിൽ എത്തും മുമ്പ് വെടിനിറുത്തൽ നടപ്പാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
അതേസമയം, പുട്ടിനുമായി മൂന്ന് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് 'പത്തിൽ പത്ത് " മാർക്ക് നൽകിയ ട്രംപ്, കാര്യമായ പുരോഗതിയുണ്ടായെന്ന് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിൻ റഷ്യയുമായി സമാധാന കരാറിലെത്തണം. റഷ്യ വലിയ ശക്തിയാണെന്നും യുക്രെയിൻ അങ്ങനെയല്ലെന്നും ട്രംപ് പറഞ്ഞു. രഹസ്യ ചർച്ചയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |