കോഴിക്കോട്: കാണുന്നതും കേൾക്കുന്നതുമെല്ലാം സത്യമെന്ന് വിശ്വസിക്കുന്ന കാലം മാറിയെന്നും സത്യത്തെ മെഷീനുകളിൽ ഉത്പാദിപ്പിച്ചെടുക്കുന്ന കാലത്താണ് നാമിപ്പോൾ ജീവിക്കുന്നതെന്നും ഹെെക്കോടി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കാലിക്കറ്റ് പ്രസ് ക്ലബും ഐ.സി.ജെ അലൂംമിനിയും ചേർന്ന് സംഘടിപ്പിച്ച 'നിർമിത ബുദ്ധിക്കാലത്തെ ജ്യുഡീഷ്യറിയും മാദ്ധ്യമങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശാസ്ത്രസാങ്കേതികവിദ്യയിലൂടെ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന കാലമാണിത്. ജ്യുഡീഷ്യറിയേയും മാദ്ധ്യമങ്ങളേയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കീഴടക്കിക്കൊണ്ടിരിക്കുന്നു. കണ്ടന്റ് ജനറേറ്റ് ചെയ്യാൻ മാത്രം ഒരു കൂട്ടം ആളുകളുണ്ട്. വിവരങ്ങളുടെ തള്ളിച്ചയാണുണ്ടാകുന്നത്. കൺമുമ്പിൽ കാണുന്ന വാർത്തകളുടെ ശരിയേതെന്ന് പരിശോധിച്ചുറപ്പിക്കാൻ പോലും സമയം കിട്ടുന്നില്ല. ചിത്രങ്ങൾ പോലും പലപ്പോഴും കളവാകുന്നു.ഇന്നത്തെ സത്യം നാളത്തെ സത്യമല്ലാതായി മാറുന്നു. സമൂഹമാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ ഇന്ന് സാദ്ധ്യമല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനേക്കൾ വലുത് മനുഷ്യ ഇന്റലിജൻസാണെന്നും എ.ഐ മനുഷ്യനെ സഹായിക്കുന്ന ഒരു ടൂൾ മാത്രമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് മനുഷ്യന് കോടതിയിൻമേലുള്ള വിശ്വാസം കൂടിയതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ് ക്ലബ്ബ് സെക്രട്ടറി സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഐ-കാൻ പ്രസിഡന്റ് ഉമ്മർ പുതിയോട്ടിൽ സ്വാഗതവും സെക്രട്ടറി പി.എസ് രാകേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |