കൊല്ലം: ദുബായിലെയും ചൈനയിലെയും വൻ നഗരങ്ങളെ അതിശയിപ്പിച്ച് അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടം ഈ ഓണക്കാലത്ത് കൊല്ലത്തും. ഇന്ത്യയിൽ ആദ്യമായി വണ്ടർ ഫാൾസ് ഒരുക്കുന്ന സർറിയൽ വെള്ളച്ചാട്ടത്തിന്റെ സാഹസികത ആശ്രാമം മൈതാനത്ത് 22ന് വൈകിട്ട് 5ന് സിനിമാതാരം അമല പോൾ ഉദ്ഘാടനം ചെയ്യും.
സാഹസികത ഇഷ്ടപ്പെടുന്നവരെയും പ്രകൃതി സ്നേഹികളെയും ഒരുപോലെ ത്രസിപ്പിക്കുന്നതാണ് അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടം. കോടിക്കണക്കിന് രൂപ മുടക്കി ലോകത്തിലെ ഏറ്റവും ഉയരവും, നീളം കൂടിയതുമായ അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടമാണ് വണ്ടർ ഫാൾസ് ആശ്രാമം മൈതാനത്ത് ഒരുക്കിയിരിക്കുന്നത്. 70 അടി ഉയരവും 360 അടി നീളവുമുണ്ട്. ഈ ഉയരത്തിൽ നിന്ന് കടൽ പോലെ ഇരമ്പിവരുന്ന വെള്ളം കാലുകളിലേക്ക് ഒഴുകിയെത്തി മാഞ്ഞുപോകും.
വിശാലമായ പ്രദർശന നഗരിയിൽ കടൽക്കാഴ്ചകൾ, ശലഭോദ്യാനം, മത്സ്യകന്യക, കടലിലെ സാഹസിക നീന്തൽതാരം, തെക്കേ അമേരിക്കൻ മഴക്കാടുകളിൽ കണ്ടുവരുന്ന 25 ലക്ഷം രൂപവരെ വിലയുള്ള കുഞ്ഞൻകുരങ്ങൻ എന്നിവയുമുണ്ട്. ചിത്രശലഭത്തോടൊപ്പം ഊഞ്ഞാലാടാം. പാലക്കാടൻ കൽപ്പാത്തി പപ്പടം മുതൽ രുചി വൈവിദ്ധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളുടെ വലിയ ശേഖരവും മേളയിൽ ഒരുക്കിയിട്ടുണ്ട്. ഓണത്തിനാവശ്യമായ സെറ്റ് മുണ്ടുകൾ, സാരികൾ, ബെഡ് ഷീറ്റുകൾ എന്നിവ 100 രൂപ മുതലും വീട്ടുപകരണങ്ങൾ 30 രൂപ മുതൽ വാങ്ങാവുന്നതാണ്. സോഫാ സെറ്റികൾ 4990 രൂപ മുതലും ഇവിടെ ലഭിക്കും.
പ്രവൃത്തി ദിനങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും അവധി ദിനങ്ങളിൽ പകൽ 11 മുതൽ രാത്രി 10 വരെയുമാണ് പ്രദർശനം. വാർത്താസമ്മേളനത്തിൽ പ്രോജക്ട് മാനേജർ ബിജു, വി.ശ്യംകുമാർ, മാർക്കറ്റിംഗ് ഹെഡ് അർഷാദ് ആരിഫ്, മാഹിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |