ന്യൂഡൽഹി: ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോയ ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയോടെയാണ് അദ്ദേഹമെത്തിയത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ എന്നിവർ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.
ഒരു വർഷത്തിന് ശേഷമാണ് ശുഭാംശു ശുക്ല ഇന്ത്യയിലെത്തിയത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയേക്കും. ഇരുപത്തിമൂന്നിന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷത്തിലും അദ്ദേഹം പങ്കെടുക്കും.
#WATCH | Delhi: Group Captain Shubhanshu Shukla arrives back in India. He is welcomed by Union MoS for Science & Technology, Dr Jitendra Singh and Delhi CM Rekha Gupta.
— ANI (@ANI) August 16, 2025
He was the pilot of NASA's Axiom-4 Space Mission, which took off from NASA's Kennedy Space Centre in Florida,… pic.twitter.com/FTpP1NaY0O
സ്‌പേസ് എക്സ് ഡ്രാഗണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ നാലംഗ സംഘത്തിൽ ഒരാളാണ് ശുഭാംശു ശുക്ല. രാകേഷ് ശർമ്മയ്ക്കു ശേഷം ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനും ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച ഇന്ത്യക്കാരനുമാണ് ശുഭാംശു. ജൂൺ 26ന് ആക്സിയം 4 മിഷന്റെ ഭാഗമായാണ് ബഹിരാകാശനിലയത്തിലെത്തിയത്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ മുന്നൊരുക്കത്തിനായുള്ള ഈ യാത്രയ്ക്കായി ഭാരതസർക്കാർ 550 കോടി രൂപയാണ് ആക്സിയം സ്പേസിന് നൽകിയത്.
കേരളത്തിൽ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും ശുഭാംശു പൂർത്തിയാക്കിയിരുന്നു. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകളടക്കം 236 കിലോഗ്രാം കാർഗോ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവന്നു. 14 ദിവസമാണ് ബഹിരാകാശനിലയത്തിൽ തങ്ങാൻ നിശ്ചയിച്ചതെങ്കിലും 18ദിവസം വരെ തുടർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |