വിറ്റുവരവ് 400 കോടി രൂപ കവിഞ്ഞു
തിരുവനന്തപുരം: നാനൂറ് കോടിയുടെ വിൽപ്പനയുമായി കുടുംബശ്രീ കേരള ചിക്കൻ കുതിക്കുന്നു. 2019ൽ ആരംഭിച്ച പദ്ധതി ആറു വർഷത്തിനിടെയാണ് ഈ നേട്ടം കൈവരിച്ചത്. പതിമൂന്ന് ജില്ലകളിലായി 482 ബ്രോയ്ലർ ഫാമുകളും 141 ഔട്ട്‌ലെറ്റുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നു.
പതിനായിരം കോഴികൾ വളർത്തുന്ന കർഷകർക്ക് ഫാം ഇന്റഗ്രേഷനിലൂടെ രണ്ടുമാസത്തിൽ 2.5 ലക്ഷം രൂപ വരെയാണ് വരുമാനം. ഇതുവരെ 38.27 കോടി രൂപയുടെ വരുമാനം കർഷകർക്ക് ലഭിച്ചു. ഔട്ട്‌ലെറ്റ് നടത്തുന്നവർക്ക് ശരാശരി ഒരുലക്ഷം രൂപയാണ് പ്രതിമാസ വരുമാനം. പദ്ധതിയിലൂടെ വ്യാപാരികൾക്ക് ഇതുവരെ 54.60 കോടി രൂപയുടെ വരുമാനം ലഭിച്ചു.
2021ൽ പ്രതിദിനം ആറ് മെട്രിക് ടണ്ണായിരുന്ന ചിക്കൻ വിപണനം നടപ്പുവർഷം പ്രതിദിനം 58 മെട്രിക് ടണ്ണായി ഉയർന്നു. നാളിതുവരെ 35255 മെട്രിക് ടൺ ചിക്കനാണ് വിറ്റഴിച്ചത്.
രണ്ടാംഘട്ടത്തിൽ 'കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡിൽ ശീതീകരിച്ച ഉത്പന്നങ്ങളും വിപണിയിലെത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ സ്വന്തം ഔട്ട്‌ലെറ്റ് ഉടൻ പ്രവർത്തനമാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |