സ്വാതന്ത്ര്യ ദിന ഓഫറുകൾ വിപണിക്ക് ഉണർവായി
കൊച്ചി: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വ്യാപാരികൾ പ്രഖ്യാപിച്ച വിലയിളവ് ആനുകൂല്യങ്ങളുടെ കരുത്തിൽ രാജ്യത്തെ ഉപഭോക്തൃ വിപണിയിൽ ആവേശമേറുന്നു. നടപ്പുവർഷം ആദ്യ ആറ് മാസങ്ങളിലും മന്ദതയിൽ നീങ്ങിയ റീട്ടെയിൽ ഉത്പന്ന വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിൽപ്പനയിൽ പത്ത് ശതമാനം വരെ വർദ്ധന ദൃശ്യമായെന്ന് വ്യാപാരികൾ പറയുന്നു. ഇതോടെ ഓണവും ദീപാവലിയും നവരാത്രിയും ക്രിസ്‌മസും അടക്കമുള്ള ഉത്സവ കാലയളവിൽ വിൽപ്പനയിൽ മികച്ച നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ടി.വിയും മൊബൈൽ ഫോണും റഫ്രിജറേറ്ററും അടക്കമുള്ള കൺസ്യൂമർ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിപണിയിലാണ് ആവേശമേറുന്നത്.
നഗര, ഗ്രാമ മേഖലകളിൽ വ്യാപാര സ്ഥാപനങ്ങൾ മികച്ച വിൽപ്പനയാണ് കഴിഞ്ഞ ദിവസങ്ങളിൽ നേടിയത്. വൻകിട റീട്ടെയിൽ ശൃംഖലകൾ, മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, റസ്‌റ്ററന്റുകൾ മുതൽ ജുവലറികളും ചെറുകിട കച്ചവടക്കാരും വരെ അധിക വിൽപ്പന നേടിയെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്‌റ്റോറുകളിലെ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടെന്ന് റിലയൻസ് റീട്ടെയിലും ബിഗ്‌ബസാറുമടക്കമുള്ള കമ്പനികൾ വ്യക്തമാക്കി. പുതിയ സിനിമ റിലീസുകൾക്കും മികച്ച പ്രതികരണമാണ്.
ഓണക്കാലത്ത് ആനുകൂല്യ പെരുമഴ
ചിങ്ങം മാസം പുലർന്നതോടെ ഇന്ന് മുതൽ ഓണ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ വ്യാപാര മേഖല. കൺസ്യൂമർ ഉത്പന്നങ്ങൾ, വാഹനങ്ങൾ, റെഡിമെയ്‌ഡ് വസ്ത്രങ്ങൾ, സ്വർണ, വെള്ളി ആഭരണങ്ങൾ എന്നിവയ്ക്കെല്ലാം ആകർഷകമായ വില ഇളവുകളും അധിക ആനുകൂല്യങ്ങളുമാണ് വൻകിട ബ്രാൻഡുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ബമ്പർ സമ്മാനങ്ങൾ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങളാണ് ഇലക്ട്രോണിക്‌സ്, മൊബൈൽ ഫോൺ വിപണിയിലെ പ്രമുഖർ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിട്ടുള്ളത്.
വിപണിയുടെ പ്രതീക്ഷകൾ
1. ബാങ്കുകൾ പലിശ കുറച്ചതോടെ വായ്പയെടുത്ത് കൺസ്യൂമർ ഉത്പന്നങ്ങൾ വാങ്ങാൻ അവസരമൊരുങ്ങി
2. 12 ലക്ഷം രൂപ വരെ ആദായ നികുതി ഒഴിവായതോടെ ഇടത്തരക്കാർ കൂടുതൽ തുക വിപണിയിൽ ചെലവഴിക്കുന്നു
3. ഉപഭോക്തൃ വില സൂചിക ഗണ്യമായി താഴ്ന്നതും വിപണിയിൽ ഉപഭോഗ ഉണർവിന് സഹായമാകും
4. ഓണത്തിന് മുന്നോടിയായി ബോണസും അധിക ആനൂകൂല്യങ്ങളും ലഭിക്കുന്നതും വിൽപ്പന ഉയർത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |