ചേർത്തല: ദുരൂഹ സാഹചര്യത്തിൽ മൂന്നു സ്ത്രീകളെ കാണാതായ കേസിൽ പ്രതിയായ സെബാസ്റ്റ്യൻ മാനസിക പ്രശ്നമുള്ള ക്രിമിനലെന്ന് അന്വേഷണ സംഘം.
മൂന്നു സ്ത്രീകളുടെ കാര്യത്തിലുള്ള പങ്കാണ് പുറത്തുവന്നിട്ടുള്ളതെങ്കിലും ഇത്തരത്തിലുള്ള കേസുകളിൽ വേറെയും ഇയാൾ ഇടപെടാനുള്ള സാദ്ധ്യതയേറെയാണെന്ന് കരുതുന്നു. ജെയ്നമ്മയുടെ കൊലപാതക കേസിൽ നടത്തിയ അന്വേഷണങ്ങളിലാണ് വിലയിരുത്തൽ. കൊലപാതകമടക്കം ഇയാൾ ഒറ്റക്കാണ് ചെയ്യുന്നതെന്നാണ് നിലവിൽ ലഭിച്ചിരുക്കുന്ന സൂചന. മണിക്കൂറുകളുടെ ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്നു തന്നെ നിർണായകമായ പലവിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ഇയാൾക്കുള്ളതെങ്കിലും ഫോണിന്റെ സാങ്കേതികതയിലടക്കം വൈദഗ്ദ്യമുള്ള പ്രവർത്തനങ്ങളാണ് ഇയാൾ നടത്തിയിരുക്കുന്നത്. ജെയ്നമ്മയുടെ ഫോണും ഇയാൾ നശിപ്പിക്കാൻ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ.
2024 ഡിസംബർ 23ന് ജെയ്നമ്മയെ കാണാതായതു മുതൽ സെബാസ്റ്റ്യൻ പിടിയിലായതു വരെ ഇയാൾ ചെയ്ത ഓരോ ഫോൺകോളും ക്രൈംബ്രാഞ്ച് പരിശോധിച്ചു വരുകയാണ്. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ കുത്തിയതോടു സ്വദേശിയായ വിധവയെ ലക്ഷ്യമിട്ടതായി വിവരം കിട്ടിയുണ്ട്. കലവൂരിലെ ധ്യാനകേന്ദ്രത്തിൽ വച്ച്പരിചയപ്പെട്ട വിധവ ഒറ്റക്കാണ് താമസം. പശു വളർത്തിയാണ് ജീവിക്കുന്നത്. പശുവിനെ വേണമെന്ന ആവശ്യവുമായാണ് ഇയാൾ സമീപിച്ചത്. തുടർന്ന് ഏറെനാളുകൾ പലതരത്തിൽ സ്വാധീനിക്കാൻ ശ്രമിച്ചു.
ഇവരെ തേടി കഴിഞ്ഞ ദിവസം കോട്ടയം ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തി വിവരങ്ങൾ തേടിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളറിഞ്ഞത്. ഇക്കാര്യങ്ങൾ വിശദമായി നിരീക്ഷിച്ചു വരുകയാണെന്നും വിശദമായി പരിശോധിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |