തിരുവനന്തപുരം: കർഷകർക്ക് സൗജന്യമായി സോളാർ പമ്പുസെറ്റുകൾ വിതരണം ചെയ്യാനുള്ള
പി.എം കുസും പദ്ധതിയിൽ പൊതുമേഖലാ സ്ഥാപനമായ അനർട്ട് 100 കോടിയുടെ ക്രമക്കേട് കാട്ടിയത് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. പദ്ധതി നടത്തിപ്പിന്റെ തുടക്കം മുതലുള്ള ക്രമക്കേടുകളും ടെൻഡർ നടപടികളും അന്വേഷിക്കണം. തെളിവുകൾ ഉൾപ്പെടെ അനർട്ട് സി.ഇ.ഒയെ ഒന്നാം പ്രതിയാക്കിക്കൊണ്ടാണ് പരാതി .
അഞ്ചു കോടിക്കകത്തു മാത്രം ടെൻഡർ വിളിക്കാൻ അർഹതയുള്ള അനർട്ട് സി.ഇ.ഒ 240 കോടി രൂപയുടെ ടെൻഡറാണ് വിളിച്ചത്. 2022 ഓഗസ്റ്റ് പത്തിനുള്ള ആദ്യടെൻഡർ മുതൽ ക്രമക്കേടുകളുടെ ഘോഷയാത്രയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് നൽകിയ അതിഥി സോളാർ എന്ന കമ്പനി ടെൻഡറിൽ നിന്നു പിൻമാറിയതിൽ ക്രമക്കേടുണ്ട്. കമ്പനികൾ പിന്മാറുമ്പോൾ ടെൻഡർ തുക കണ്ടുകെട്ടുന്ന കീഴ്വഴക്കമുണ്ട്. ഇവിടെ അതുണ്ടായില്ല. ക്രമവിരുദ്ധമായി ഒന്നാം കരാർ റദ്ദാക്കുമ്പോഴും കമ്പനികൾക്ക് നഷ്ടം വരാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇതിനേക്കാൾ വളരെയേറെ ഉയർന്ന തുകയ്ക്കാണ് രണ്ടാം ടെൻഡറിൽ കരാർ സ്വീകരിച്ചത്. കേന്ദ്രസർക്കാർ നിശ്ചയിച്ചതിൽ നിന്ന് 145 ശതമാനം വരെ അധികം വരുന്ന തുകയ്ക്ക് കരാർ ഉറപ്പിക്കുകയും ചെയ്തു.
റീടെൻഡറിൽ ടാറ്റാ സോളാറിനെ തെരഞ്ഞെടുക്കാൻ മനഃപൂർവമായ ശ്രമം നടന്നിട്ടുണ്ട്. കോണ്ടാസ് ഓട്ടോമേഷൻ എന്ന സ്ഥാപനം ക്വോട്ട് ചെയ്ത കുറഞ്ഞ തുക ഒഴിവാക്കിയാണ് ടാറ്റയെ തിരഞ്ഞെടുത്തത്. ക്വോട്ട് ചെയ്ത തുക ചട്ടംലംഘിച്ച് ഇതിനായി തിരുത്തുകയും ചെയ്തു.
താൽക്കാലിക ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തിരുത്തൽ. നടത്തിയിരിക്കുന്നത്.
ഇതിനുപുറമെ, പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അനെക്സർ എ.ഒന്ന് പ്രകാരം ഇന്ത്യാ ഗവൺമെന്റ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും ലംഘിച്ചു, നീതിയുക്തമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ എന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |