ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടർപ്പട്ടിക ക്രമക്കേടിൽ അന്വേഷണം ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. തെളിവുണ്ടെങ്കിൽ ഏഴുദിവസത്തിനകം രാഹുൽ സത്യവാങ്മൂലം സമർപ്പിക്കണം. ഇല്ലെങ്കിൽ രാജ്യത്തോടും വോട്ടർമാരോടും മാപ്പു പറയണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കൃത്യമായ തെളിവില്ലാതെ ഒരു വോട്ടറെ പോലും ഒഴിവാക്കില്ല. അമ്മ, സഹോദരങ്ങൾ, പെൺമക്കൾ തുടങ്ങിയ വോട്ടർമാരുടെ സി.സി ടിവി ദൃശ്യങ്ങൾ അവരുടെ അനുമതിയില്ലാതെ പുറത്തുവിടണമെന്നാണോ പറയുന്നതെന്നും രാഹുലിന്റെ പേര് പരാമർശിക്കാതെ മറുപടി നൽകി. രാഹുലിന്റെ ആരോപണങ്ങൾക്ക് ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി ഇന്നലെ മറുപടി നൽകിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ 'വോട്ടർ അധികാർ യാത്രയ്‌ക്ക്' രാഹുൽ തുടക്കമിട്ട അതേദിവസമാണ് കമ്മിഷൻ വാർത്താസമ്മേളനം നടത്തി നിലപാട് വ്യക്തമാക്കിയത്.
വോട്ടുക്രമക്കേട് നടന്നുവെന്ന് രാഹുൽ തെളിവുസഹിതം ആരോപിച്ച കർണാടകയിലെ മഹാദേവപുര അസംബ്ളി മണ്ഡലത്തിന്റെ പേരു പറയാനും കമ്മിഷൻ തയ്യാറായില്ല. പകരം രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തി. വ്യാജ ആരോപണങ്ങളുന്നയിച്ച് ഭയപ്പെടുത്താൻ നോക്കേണ്ട. കമ്മിഷന്റെ തോളിൽ തോക്കമർത്തി വോട്ടർമാരെ വിരട്ടാമെന്നും കരുതേണ്ട. വോട്ടർമാരെ നുണയന്മാരെന്ന് വിളിക്കുകയാണോ. ഇത്തരം ആരോപണങ്ങൾ കേട്ട് കമ്മിഷന് നിശബ്‌ദമായിരിക്കാൻ കഴിയില്ല. വോട്ടർമാർക്ക് പിന്നിൽ പാറപോലെ ഉറച്ചുനിൽക്കും.
വീട്ടുനമ്പർ ഇല്ലാത്തത് കുറ്റമല്ല. രാജ്യത്ത് നിരവധി പാവപ്പെട്ടവരുടെ വീടുകൾക്ക് സീറോ നമ്പറാണ്. അവർക്ക് അധികൃതർ വീട്ടുനമ്പർ നൽകിയിട്ടില്ല. അവർക്കും വോട്ട് ഉറപ്പാക്കേണ്ടത് ഉത്തരവാദിത്വമാണെന്നും കമ്മിഷൻ നിലപാടെടുത്തു. എന്നാൽ, ഒരേ വീട്ടുനമ്പറിൽ ക്രമാതീതമായി വോട്ടർമാർ ഉൾപ്പെട്ടതിൽ കമ്മിഷൻ മൗനംപാലിച്ചു. നടപടിക്രമങ്ങൾ ചൂണ്ടിക്കാട്ടി അവ പാലിക്കപ്പെട്ടാൽ മാത്രം ആരോപണങ്ങളിൽ പരിശോധന നടത്തുമെന്നും വ്യക്തമാക്കി.
തെളിവ് എവിടെ?
തിരഞ്ഞെടുപ്പിനെ കുറിച്ചോ വോട്ടർപ്പട്ടിക സംബന്ധിച്ചോ പരാതിയുണ്ടെങ്കിൽ ആ മണ്ഡലത്തിൽ താമസക്കാരല്ലാത്തവർക്ക് സാക്ഷിയെന്ന നിലയിൽ പരാതിപ്പെടാം. അതിന് സത്യവാങ്മൂലം നൽകേണ്ടി വരും. അതാണ് നിയമം. അത് എല്ലാവർക്കും ഒരുപോലെയാണ്. ഇരട്ടവോട്ടിന് തെളിവുണ്ടെങ്കിൽ കൈമാറൂ എന്നും കമ്മിഷൻ പറഞ്ഞു.
ഭീഷണി വേണ്ട: കോൺഗ്രസ്
ആരോപണങ്ങളിൽ അന്വേഷണമാണ് വേണ്ടതെന്നും, ഭീഷണി വേണ്ടെന്നും കോൺഗ്രസ് പ്രതികരിച്ചു. കമ്മിഷന്റെ പക്ഷപാതം മറനീക്കി പുറത്തുവന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. തെളിവുകൾ അവർക്കു മുന്നിൽ നിൽക്കുമ്പോൾ കമ്മിഷൻ നിലപാട് പരിഹാസ്യമാണ്. രാഹുൽ ഉന്നയിച്ച ഒരു ചോദ്യത്തിന് പോലും കൃത്യമായ ഉത്തരം നൽകിയില്ല.
''തിരഞ്ഞെടുപ്പ് കമ്മിഷനെ ഭയമില്ല. എന്തുകൊണ്ടാണ് ബി.ജെ.പി നേതാക്കളോട് സത്യാവാങ്മൂലം ചോദിക്കാത്തത്. വോട്ട് ക്രമക്കേടിന് ബി.ജെ.പിയെ കമ്മിഷൻ സഹായിക്കുന്നു.
-രാഹുൽഗാന്ധി
(ബീഹാറിൽ പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |