തൃശൂർ: പെരുമഴ പോലെ കള്ള വോട്ട് വിവാദത്തിൽ പ്രസ്താവനാ യുദ്ധം മുറുകവേ ഏറെ നാളുകൾക്ക് ശേഷം മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വോട്ടുകൊള്ളയിൽ മറുപടി പറയേണ്ടത്, തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും കുറച്ച് വാനരന്മാർ ഇറങ്ങിയിട്ടുണ്ടല്ലോയെന്നുമുള്ള പ്രതികരണം വന്നതോടെ തൃശൂരിന്റെ ആകാശത്തെ പെരുമഴ പോലെ വിവാദവും കൊട്ടിപ്പെയ്തു. കഴിഞ്ഞദിവസം സുരേഷ് ഗോപി തൃശൂരിലെത്തിയെങ്കിലും പ്രതികരിച്ചിരുന്നില്ല. കേന്ദ്രസഹമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ രംഗത്തെത്തി. പ്രതിരോധവുമായി ബി.ജെ.പിയുമെത്തി. തിരഞ്ഞെടുപ്പ് കമ്മിഷനെ കൂട്ടുപിടിച്ച് കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് കേന്ദ്രമന്ത്രി കരുതേണ്ടെന്ന് വിഷയത്തിൽ പരാതി നൽകിയ മുൻ എം.പി ടി.എൻ.പ്രതാപൻ വിമർശിച്ചു. കേന്ദ്രസഹമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്ക് ചേർന്നതല്ലെന്ന് മുൻ എം.എൽ.എ വി.എസ്.സുനിൽകുമാർ പ്രതികരിച്ചു.
ഒരു വ്യക്തിയും കുടുംബവും താമസസ്ഥലം മാറിപ്പോകുമ്പോൾ വോട്ട് മാറ്റി ചേർത്തത് പോലെയല്ല സുരേഷ് ഗോപിയും കുടുംബവും തൃശൂരിൽ വോട്ട് ചേർത്തത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് തിരുവനന്തപുരത്തായിരുന്നു വോട്ട്. എന്നാൽ ഇത്തവണ 75,000 ഓളം വ്യാജ വോട്ടുകൾ ചേർക്കാനുള്ള ക്രിമിനൽ ഗൂഢാലോചനയിൽ സുരേഷ് ഗോപിയും കുടുംബവും പങ്കാളികളായി.
ടി.എൻ.പ്രതാപൻ
മുൻ എം.പി
കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. യഥാർത്ഥ വിഷയത്തിൽ നിന്ന് ഒളിച്ചോടുകയാണ് സുരേഷ് ഗോപി. 'ലങ്ക' സിനിമയിലെ നായകനെന്ന ഭാവത്തിലാണ് നടപ്പ്.
അനിൽ അക്കര
മുൻ എം.എൽ.എ.
സുരേഷ്‌ഗോപി നടത്തിയ പരാമർശം കണ്ണാടിയിൽ നോക്കി നടത്തിയതാണ്. അദ്ദേഹം ഇത്ര നാൾ വാ തുറന്നിരുന്നില്ല, തുറന്നത് തൃശൂരിലെ ജനങ്ങളെ അപമാനിക്കുന്നതിനായിരുന്നുവെന്നത് ഏറെ ഖേദകരമാണ്.
ജോസഫ് ടാജറ്റ്
ഡി.സി.സി പ്രസിഡന്റ്.
സുരേഷ് ഗോപി എന്ന വ്യക്തിക്ക് എന്ത് തരംതാണ അഭിപ്രായ പ്രകടനവും നടത്താം. എന്നാൽ അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ച വാക്കുകളല്ല അത്. സുരേഷ് ഗോപി അദ്ദേഹമിരിക്കുന്ന സ്ഥാനത്തെ ഗൗനിക്കുന്നില്ല. തൃശൂരിലെ ജനങ്ങളെ അപമാനിക്കുന്നു.
വി.എസ്.സുനിൽ കുമാർ
മുൻ മന്ത്രി.
മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതിന് ഓരോ ദിവസവും പ്രസ്താവന നൽകുകയല്ലാതെ വിമർശനമുയർത്തുന്ന ആരും കോടതിയെ സമീപിക്കാനോ മറ്റോ തയ്യാറാകുന്നില്ല. നേരത്തെ സുരേഷ് ഗോപി പ്രതികരിക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. ഇപ്പോൾ കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അതിനും ആക്ഷേപമുയർത്തുന്നു.
എ.നാഗേഷ്
ബി.ജെ.പി മേഖല പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |