ന്യൂഡൽഹി: വീട്ടുനമ്പർ ഇല്ലാത്തത് കുറ്റമല്ലെന്നും,അവർക്കും വോട്ട് ഉറപ്പാക്കേണ്ടത് ഉത്തരവാദിത്വമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. 'ഹൗസ് നമ്പർ സീറോ' എന്നുള്ളവർക്കും മഹാദേവപുരയിൽ വോട്ടുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. രാജ്യത്ത് നിരവധി പാവപ്പെട്ടവരുടെ വീടുകൾക്ക് സീറോ നമ്പറാണ്. അവർക്ക് അധികൃതർ വീട്ടുനമ്പർ നൽകിയിട്ടില്ല. അതിനർത്ഥം അവർക്ക് വോട്ടുണ്ടാകാൻ പാടില്ല എന്നല്ല. അവർ വ്യാജവോട്ടർമാരുമല്ല. ആ ബൂത്തിന്റെ പരിസരത്ത് താമസിക്കുന്നവർ ആയിരിക്കും. തെരുവുവിളക്കുകൾക്കും,പാലങ്ങൾക്കും കീഴെ കഴിയുന്നവരുണ്ട്. അത്തരത്തിലുള്ള ഒന്നരലക്ഷത്തോളം പേർക്ക് തെളിവില്ലാതെ നോട്ടീസ് നൽകാൻ കഴിയുമോ? കൃത്യമായ തെളിവില്ലാതെ ഒരു വോട്ടറെ പോലും ഒഴിവാക്കില്ല. അമ്മ, സഹോദരങ്ങൾ, പെൺമക്കൾ തുടങ്ങിയ വോട്ടർമാരുടെ സി.സി.ടി.വി ദൃശ്യങ്ങൾ അവരുടെ അനുമതിയില്ലാതെ പുറത്തുവിടണമെന്നാണോ പറയുന്നതെന്നും ഗ്യാനേഷ് കുമാർ ചോദിച്ചു.
വോട്ടുമോഷണം
സാദ്ധ്യമല്ല
വോട്ടുമോഷണമെന്ന രാഹുലിന്റെ ആരോപണം കടുത്തഭാഷയിൽ അപലപിച്ച് തള്ളി. വോട്ടുമോഷണം എങ്ങനെ സാദ്ധ്യമാകുമെന്ന് കമ്മിഷൻ ചോദിച്ചു. ബട്ടൺ ഒരുതവണ അമർത്തി കഴിഞ്ഞാൽ പിന്നെ വോട്ട് സാദ്ധ്യമല്ല. ഇരട്ടവോട്ടിന് തെളിവ് ചോദിച്ചു,കിട്ടിയില്ല. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ വോട്ടുശതമാനം അസാധാരണമായി വർദ്ധിച്ചു തുടങ്ങിയ ആരോപണങ്ങളും കമ്മിഷൻ തള്ളി.
15 ദിവസം സമയമുണ്ട്
ബീഹാർ കരടുവോട്ടർപട്ടികയിൽ ആരോപണമുന്നയിക്കുന്നവർ കമ്മിഷന് രേഖാമൂലം പരാതി നൽകിയിട്ടില്ല. ഇനിയും 15 ദിവസമുണ്ട്. സെപ്‌തംബർ ഒന്നിനാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. തീവ്ര വോട്ടർ പട്ടിക പുതുക്കൽ അനിവാര്യമാണ്. പശ്ചിമബംഗാളിലെ പട്ടിക പുതുക്കൽ ഉചിതമായ സമയത്ത് തീരുമാനിക്കും. വോട്ടർ ഐ.ഡി നമ്പർ ഉപയോഗിച്ച് പട്ടികയിലെ വിവരങ്ങൾ സെർച്ച് ചെയ്യാൻ കഴിയും. എന്നാൽ, മെഷീൻ റീഡബിൾ വോട്ടർ പട്ടിക സ്വകാര്യതയെ ബാധിക്കുമെന്ന് സുപ്രീംകോടതി വിധിയുള്ളതിനാൽ അത്തരത്തിൽ നൽകാനാകില്ല. ഗ്യാനേഷ് കുമാറിന് പുറമെ കമ്മിഷണർമാരായ ഡോ. വിവേക് ജോഷി, ഡോ. സുഖ്‌ബീർ സിംഗ് സന്ധു, സീനിയർ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ മനീഷ് ഗാർഗ്, ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ജയ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിജയ് കുമാർ പാണ്ഡെ, ഡയറക്ടർ ജനറൽ ആശിഷ് ഗോയൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |