ന്യൂഡൽഹി: കിഷ്ത്വാറിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ജമ്മു കാശ്മീരിൽ വീണ്ടും മേഘവിസ്‌ഫോടനം. കത്വയിലെ ജോദ് ഘാട്ടി ഗ്രാമത്തിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അപകടം.
റെയിൽവേ ട്രാക്കുകൾക്കും ജമ്മു-പത്താൻകോട്ട് ദേശീയപാത അടക്കമുള്ള റോഡുകൾക്കും നിരവധി കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. ഗ്രാമത്തിലേക്കുള്ള പ്രവേശന പാതയും ഒലിച്ചുപോയി. പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി വരികയാണ്. കനത്ത മഴയെ തുടർന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ടെന്നും ഉജ് നദി അപകടാവസ്ഥയിലെത്തിയെന്നും അധികൃതർ പറഞ്ഞു.
ജമ്മു കാശ്മീരിലെ 10 ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തിനിടെ അതിശക്തമായ മഴയ്ക്കും മേഘവിസ്‌ഫോടനത്തിനും സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കത്വയിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും ദുരന്തബാധിതർക്ക് എല്ലാ സഹായവും എത്തിക്കുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ദുരന്തത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് വിവരിച്ചുവെന്ന് ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർഷണർ മനോജ് സിൻഹ എക്‌സിൽ കുറിച്ചു.
കിഷ്ത്വാറിൽ തെരച്ചിൽ
തുടരുന്നു
മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവുമുണ്ടായ കിഷ്ത്വാറിലെ ചസോതിയിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. നിലവിൽ 60 പേരാണ് ഇവിടെ മരിച്ചത്. ഇതുവരെ 167 പേരെ ദുരന്തമേഖലയിൽ നിന്ന് രക്ഷപ്പെടുത്തി. ഇതിൽ 38 പേരുടെ നില ഗുരുതരമാണ്.
ഹിമാചലിൽ
മിന്നൽ പ്രളയം
മഴക്കെടുതിയിൽ വലഞ്ഞ ഹിമാചൽ പ്രദേശിൽ ഇന്നലെ മൂന്നിടങ്ങളിൽ മിന്നൽ പ്രളയമുണ്ടായി. മണ്ഡി ജില്ലയിലെ പനാർസ,ടക്കോളി,നാഗ്വെയ്ൻ എന്നീ സ്ഥലങ്ങളിലാണ് മിന്നൽ പ്രളയമുണ്ടായത്. ചണ്ഡീഗഢ്-മണാലി ദേശീയപാതയിലെ മണ്ഡി-കുളു പാതയിൽ ഗതാഗതം തടസപ്പെട്ടു. ആളപായമില്ല. ഹിമാചൽ പ്രദേശ് ദുരനിവാരണ അതോറിട്ടിയുടെ കണക്കനുസരിച്ച്, സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയിൽ 257 പേരാണ് മരിച്ചത്. രണ്ട് ദേശീയപാതകളടക്കം 400ലേറെ റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. 524 വൈദ്യുതി വിതരണ ട്രാൻസ്‌ഫോർമറുകളും 222 കുടിവെള്ള പദ്ധതികളും തകരാറിലായി.
യമുനാ നദി
അപകടനിലയ്ക്കരികിൽ
ഡൽഹിയിൽ 22 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ ഭാഗമായ ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലും മഴ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ട്. യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കരികിലെത്തിയതിനാൽ സുരക്ഷാ മുന്നറിയിപ്പ് നൽകി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ജലനിരപ്പ് 205.26 മീറ്ററായിരുന്നു. 205.33 മീറ്ററാണ് അപകടനില. ജലനിരപ്പ് 206 മീറ്റർ കടന്നാൽ വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽ ഇതുവരെ മഴയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളിൽ 17 പേരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |