കോതമംഗലം: ഓട്ടംവിളിച്ചിട്ട് വരാൻ തയ്യാറാകാത്ത ജീപ്പ് വിലകൊടുത്ത് വാങ്ങി ആദിവാസി ഉന്നതിയിൽ എത്തിച്ച ഹീറോ മഞ്ചനൻ ഓർമ്മയായി. ജീപ്പ് വാങ്ങുക മാത്രമല്ല ജിപ്പ് ഓടിക്കാൻ വഴിയും വെട്ടി. ഈ ജീപ്പും വഴിയുമാണ് പൂയംകുട്ടി വനാന്തരത്തിലെ വിവിധ ആദിവാസി ഉന്നതികളിൽ വികസനത്തിന്റെ പാത തുറന്നത്. ഇന്നലെ നിര്യാതനായ മാപ്പിളപ്പാറക്കുടി ആദിവാസി ഉന്നതിയിലെ മുൻ കാണിക്കാരൻ മഞ്ചനനാണ് (75) കഥാനായകൻ.
ജീപ്പ് സംഭവം ഉണ്ടാകുന്നത് 90കളിലാണ്. കാർഷിക ഉത്പന്നങ്ങൾ വിൽക്കാനെത്തിയ മഞ്ചനൻ അടിമാലിയിൽനിന്നാണ് ജീപ്പ് ഓട്ടംവിളിച്ചത്. എന്നാൽ മോശം വഴിയായതിനാൽ ഉടമ തയ്യാറായില്ല. ജീപ്പ് കൊടുക്കുന്നുണ്ടോ എന്നായി മഞ്ചനന്റെ അടുത്തചോദ്യം. മറുപടി അനുകൂലമായതോടെ അജു എന്ന അതേ ജിപ്പിന്റെ ഡ്രൈവറേയും ഒപ്പംകൂട്ടി മഞ്ചനൻ മടങ്ങി. കുഞ്ചിപ്പാറയിൽനിന്ന് അപ്പുറത്തേക്ക് ജീപ്പ് പോകാവുന്ന വഴിയുണ്ടായിരുന്നില്ല. വഴി വെട്ടുകയായിരുന്നു പരിഹാരം. ആളുകളെകൂട്ടി വഴിവെട്ടിയെങ്കിലും വാരിയത്ത് എത്തിയപ്പോഴേക്കും വനംവകുപ്പ് തടഞ്ഞു. മഞ്ചനന്റെ വീട് സ്ഥിതിചെയ്യുന്ന മാപ്പിളപ്പാറയിലേക്ക് വഴി എത്തിക്കാൻ കഴിഞ്ഞില്ല. വഴി വെട്ടിന്റെ പേരിലുള്ള കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. ജീപ്പ് വാങ്ങിയതിന്റെ പലമടങ്ങ് തുക വഴിവെട്ടാനും ചെലവഴിച്ചിരുന്നു.
ഉന്നതികളിലെ എല്ലാ ആവശ്യങ്ങൾക്കും മഞ്ചനന്റെ ജീപ്പായിരുന്നു വർഷങ്ങളോളം ആശ്രയം. വഴിവെട്ടുന്നത് തടഞ്ഞ വനംവകുപ്പാണ് ഇപ്പോൾ വഴിയുടെ പ്രധാന ഗുണഭോക്താക്കൾ.
മഞ്ചനൻ ഉന്നതികളിലുള്ളവർക്ക് താങ്ങും തണലുമായിരുന്നു. വന്യമൃഗശല്യവും മോശം ആരോഗ്യസ്ഥിതിയും മൂലം കുറച്ചുകാലമായി മഞ്ചനൻ കുഞ്ചിപ്പാറയിലാണ് താമസിച്ചിരുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |