തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സെർവർ ഹാക്ക് ചെയ്‌ത സംഭവം ക്ഷേത്രസുരക്ഷയെ ബാധിക്കുമോയെന്ന് ആശങ്ക. സാമ്പത്തികതട്ടിപ്പ്, ക്ഷേത്രസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ എന്നീ സംശയങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. ചോർന്ന വിവരങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ.
ക്ഷേത്രത്തിലെ സുരക്ഷയ്‌ക്കായി ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് സുരക്ഷിതമാണെന്ന് സൈബർ പൊലീസ് അറിയിച്ചു. അതേസമയം ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ അനധികൃത കടന്നുകയറ്റമുണ്ടായതായി സൈബർ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ക്ഷേത്രം ഉദ്യോഗസ്ഥനാണോ പുറമേ നിന്നുള്ള ആളാണോ എന്നത് അന്വേഷിക്കുകയാണ്.
ക്ഷേത്രഭരണത്തിൽ ഉൾപ്പെടുന്നവർക്കേ നെറ്റ്‌വർക്കിൽ കയറാൻ അനുമതിയുള്ളൂ. എന്നാൽ കുറച്ചു നാളുകളായി ഒരാൾ നെറ്റ്‌വർക്കിലെ വിവരങ്ങൾ ചോർത്തുന്നതായി കണ്ടെത്തിയിരുന്നു. ജൂണിലാണ് നെറ്റ്‌വർക്കിലെ അനധികൃത കടന്നുകയറ്റം പുറത്തുവന്നത്. എന്നാൽ ഭരണസമിതി ചേർന്ന് ഇപ്പോഴാണ് പരാതി നൽകിയത്.
ഓൺലൈൻ അടക്കം ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകൾ ഈ നെറ്റ്‌വർക്ക് വഴിയാണ്. ഈ നെറ്റ്‌വർക്കിലെ സാമ്പത്തിക വിവരങ്ങൾ ചോർത്തിയെന്നാണ് സംശയം. കൂടുതൽ വ്യക്തതയ്ക്കായി ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്. ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസർ,കമ്പ്യൂട്ടർ വിഭാഗത്തിന്റെ ചുമതലയുള്ളവർ എന്നിവരുടെ മൊഴി സൈബർ പൊലീസ് രേഖപ്പെടുത്തി.
ഹാക്കിംഗുമായി ബന്ധപ്പെട്ട് താത്‌കാലിക ജീവനക്കാരനെയാണ് സംശയിക്കുന്നത്. ക്ഷേത്രഭരണം തടസപ്പെടുത്താനുള്ള നീക്കമാണോ പിന്നിലെന്നും പരിശോധിക്കും. സാമ്പത്തിക ഇടപാടുകൾ ആർക്കെങ്കിലും വേണ്ടി ചോർത്തിയതാണോ,കണക്കുകളിൽ തിരിമറി നടത്താനാണോ ശ്രമിച്ചത് എന്നീ കാര്യങ്ങളും പരിശോധിക്കും.
സെർവറിന് നിലവറയും
സുരക്ഷയുമായി ബന്ധമില്ല - അധികൃതർ
ഹാക്ക് ചെയ്യപ്പെട്ടത് ക്ഷേത്രസുരക്ഷയുമായോ നിലവറയുമായോ ബന്ധമുള്ള സെർവറല്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ഓൺലൈൻ ബുക്കിംഗ്,വഴിപാട്,ഓഫീസ് നടപടിക്രമങ്ങൾ എന്നിവയാണ് ഹാക്ക് ചെയ്യപ്പെട്ട സെർവറിലുള്ളത്. നിലവറകളുടെ ഇൻവെന്ററികൾ,സുരക്ഷ എന്നീ വിവരങ്ങൾ മറ്റൊരു സെർവറിലാണുള്ളത്. അതീവ സുരക്ഷാ മേഖലയിലേക്കുള്ള കടന്നുകയറ്റമായതിനാലാണ് സൈബർ പൊലീസിൽ പരാതി നൽകിയതെന്നും ഭരണസമിതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |