ചെങ്ങന്നൂർ : വളർത്തു പൂച്ചയെ ആക്രമിക്കാൻ ശ്രമിച്ച തെരുവുനായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ നായയുടെ ആക്രമണത്തിൽ വീട്ടുമുറ്റത്ത് നിന്ന വൃദ്ധയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെറിയനാട് പഞ്ചായത്ത് നാലാം വാർഡിൽ മാമ്പ്ര പ്ലാമൂട്ടിൽ കമലമ്മ (75) ആണ് നായയുടെ ആക്രമണത്തിന് ഇരയായത്. മുഖത്തും ചുണ്ടിലും ഗുരുതരമായി മുറിവേറ്റു. നായ കമലമ്മയുടെ മുഖത്തേക്ക് ചാടുകയായിരുന്നു. ആക്രമണത്തിൽ നിലത്തുവീണ കമലമ്മയെ വളഞ്ഞിട്ട് കടിച്ചു. വീഴ്ചയിലും പരിക്കുകളുണ്ടായി.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ മാവേലിക്കര ജില്ലാആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കമലമ്മയെ ആക്രമിച്ച നായ ഇടമുറി പ്രദേശത്ത് മറ്റു പലരെയും കടിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ നാലാംവാർഡിൽ മാത്രം സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ നാലുപേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
തെരുവുനായ നിയന്ത്രണത്തിനായുള്ള എ ബി സി പദ്ധതി നടപ്പിലാക്കാൻ പഞ്ചായത്ത് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വഴിയോരങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും തെരുവുനായകൾ തമ്പടിക്കുന്നതിന് കാരണമാകുന്നു. നായ നിയന്ത്രണത്തിന് ഫലപ്രദമായ മാർഗങ്ങൾ പഞ്ചായത്ത് അധികൃതർ അടിയന്തരമായി നടപ്പാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തും.
ഒ.ടി.ജയമോഹൻ (നാലാം വാർഡംഗം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |