തോപ്പുംപടി: മത്സ്യബന്ധന ബോട്ടുകളിലെ വെള്ളംകോരി വിഭാഗം തൊഴിലാളികളുടെ കൂലിത്തർക്കത്തെ തുടർന്ന് കൊച്ചിൻ ഫിഷറീസ് ഹാർബർ നിശ്ചലാവസ്ഥയിൽ. പേഴ്സീൻ ബോട്ടുകൾ കൊണ്ടുവരുന്ന മത്സ്യവിലയുടെ 2 ശതമാനം കൂലി ആവശ്യപ്പെട്ടുള്ള തർക്കം ബോട്ടുടമകൾ നിരസിച്ചതിനെ തുടർന്ന് പേഴ്സീൻ ബോട്ടുകളുടെ മത്സ്യം വിൽക്കാൻ സി.ഐ ഐ.ടി.യുവിന്റെ കീഴിലെ സി.പി.എൽ.യു തൊഴിലാളികൾ അനുവദിക്കാത്തതാണ് കാരണം. ബോട്ട് ഉടമകളും വല ഷെയറുള്ള മത്സ്യത്തൊഴിലാളികളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിമൂലം സീസൺ ആരംഭിച്ചിട്ടും എഴുപതോളം ബോട്ടുകളിൽ 47 ബോട്ടുകൾ മാത്രമാണ് മത്സ്യബന്ധനത്തിന് പോകുന്നത്. ഇതിനിടയിലാണ് കൂലിത്തർക്കം പണിയാകുന്നത്.
സീസൺ ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും കാര്യമായി മത്സ്യം ലഭിക്കാത്തതുമൂലം മേഖല കടുത്ത പ്രതിസന്ധിയിലാണ്. ലേബർ നിയമപ്രകാരം ചെയ്യുന്ന ജോലിക്ക് ഉത്പന്നത്തിന്റെ 2ശതമാനം ഷെയർ വേണമെന്ന തൊഴിലാളികളുടെ ആവശ്യം നിയമവിരുദ്ധമാണെന്ന് കേരള പേഴ്സീൻ മത്സ്യത്തൊഴിലാളി യൂണിയൻ ചൂണ്ടിക്കാട്ടുന്നു.
പേഴ്സീൻ ബോട്ട് ഉടമകളും തൊഴിലാളികളും വെള്ളംകോരി വിഭാഗം തൊഴിലാളികളും ആവശ്യം നിരസിച്ചതിനെ തുടർന്ന് തൊഴിലാളികൾ പേഴ്സീൻ ബോട്ടുകളിലെ മത്സ്യം ഇറക്കുന്നതും വിൽക്കുന്നത് തടയുകയും ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളെ കയ്യേറ്റം ചെയ്യുകയും സംഘർഷം ഉടലെടുക്കുകയും ചെയ്തു.
പ്രദേശവാസികളായ നാലായിരത്തോളം വരുന്ന പേഴ്സീൻ മത്സ്യത്തൊഴിലാളികളുടെ സീസൺ പ്രതീക്ഷകളെയാണ് കൂലിത്തർക്കം തകർത്തത്. ഹാർബർ അടഞ്ഞുകിടക്കുന്നത് പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികുടുംബങ്ങളെ മാത്രമല്ല, വ്യാപാരികളെയും വ്യവസായികളെയും എക്സ്പോർട്ട് മേഖലയിലുള്ള തൊഴിലാളികളെ അടക്കം കൊച്ചിയെ മുഴുവൻ ബാധിക്കുന്ന വിഷയമാണ്. ജില്ലാ ഭരണകൂടവും ലേബർ വകുപ്പും ഇടപെടണം.
ജാക്സൺ പൊള്ളയിൽ
പ്രസിഡന്റ്
കേരള പേഴ്സീൻ
മത്സ്യത്തൊഴിലാളി യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |