കോന്നി : സംസ്ഥാനത്തെ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് പ്രതിമാസം നൽകുന്ന 1,600 രൂപ പെൻഷൻ ഈ ഓണത്തിനും ലഭിക്കില്ല. 22 മാസത്തെ കുടിശികയിൽ അല്പമെങ്കിലും ലഭിച്ചാൽ ആശ്വാസമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജില്ലയിലെ 60 പിന്നിട്ട കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഇത്തവണ നിരാശയുടെ ഓണമാണ്. സംസ്ഥാനത്ത് ബോർഡിൽ അംഗങ്ങളായ 20,23,452 പേരിൽ 3,24,580 പേർക്കാണ് പെൻഷൻ ലഭിക്കേണ്ടത്. അംഗങ്ങൾക്ക് 60 വയസാകുമ്പോഴാണ് പെൻഷന് അർഹത. അംഗങ്ങൾക്കുള്ള വിവാഹ ധനസഹായം, പ്രസവാനുകൂല്യം, മരണാനന്തര, അപകടമരണ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, കിടപ്പുരോഗികൾക്കുള്ള ചികിത്സാ ധനസഹായം ഉൾപ്പെടെ കുടിശികയാണ്. പുതിയ വീടുവയ്ക്കുന്നവരിൽ നിന്ന് എസ്റ്റിമേറ്റ് തുകയുടെ ഒരുശതമാനം തദ്ദേശസ്ഥാപനങ്ങൾ സെസായി ഈടാക്കി ക്ഷേമനിധി ബോർഡിന് നൽകുന്നുണ്ട്. പെൻഷനടക്കം ആനുകൂല്യങ്ങൾ നൽകുന്നതിനാണിത്.
അംഗങ്ങളിൽ നിന്ന് ബോർഡ് പ്രതിമാസം 50 രൂപ അംശദായം ഈടാക്കുന്നു. 2015ൽ പെൻഷനായവർക്ക് ഒരു വർഷത്തെ പെൻഷൻ മാത്രമേ ലഭിച്ചിട്ടുള്ളൂ.
ലക്ഷ്യം തൊഴിലാളി ക്ഷേമം
നിർമ്മാണമേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്. പദ്ധതി പ്രകാരം, ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് 60 വയസ് പൂർത്തിയാകുമ്പോൾ പെൻഷൻ ലഭിക്കും. കൂടാതെ, അവശത, വിവാഹം, പ്രസവം തുടങ്ങിയ കാര്യങ്ങൾക്കും ധനസഹായം ലഭിക്കും. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഒരു വർഷമെങ്കിലും അംഗമായിരിക്കണം. 60 വയസ് തികഞ്ഞാൽ മിനിമം പെൻഷൻ ലഭിക്കും. രോഗം മൂലമോ അപകടം മൂലമോ സ്ഥിരമായി ജോലി ചെയ്യാൻ കഴിയാത്തവർക്ക് പ്രതിമാസം 400 രൂപ പെൻഷൻ ലഭിക്കും. പെൻഷൻ വാങ്ങുന്ന തൊഴിലാളി മരണമടഞ്ഞാൽ ഭാര്യയ്ക്കോ ഭർത്താവിനോ 200 രൂപയോ അല്ലെങ്കിൽ പെൻഷൻ തുകയുടെ പകുതിയോ ഏതാണ് കൂടുതൽ അതുലഭിക്കും. ഒരു വർഷത്തെ സർവീസുള്ള തൊഴിലാളിക്ക് സ്വന്തം വിവാഹത്തിനും 3 വർഷത്തെ സർവീസുള്ള തൊഴിലാളിക്ക് രണ്ടുമക്കളുടെ വിവാഹത്തിനും ധനസഹായം ലഭിക്കും. സ്ത്രീ തൊഴിലാളികൾക്ക് പ്രസവാനുകൂല്യമായി 3000 രൂപ ലഭിക്കും.
പെൻഷൻ മുടങ്ങിയിട്ട് 22 മാസം,
അംഗങ്ങൾ പ്രതിമാസം അടയ്ക്കുന്ന അംശാദായം 50 രൂപ
പെൻഷൻ കുടിശിക ആയതിനാൽ ഓണക്കാലത്ത് മരുന്നിനുപോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്.
രാജൻ കിഴക്കേചരുവിൽ,
കോന്നി ( മുൻകെട്ടിട നിർമ്മാണ തൊഴിലാളി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |