തിരുവനന്തപുരം: ചാനൽ ചർച്ചകളിലുംമറ്റും കുറിക്കുകൊള്ളുന്ന മറുപടിയുമായി രാഷ്ട്രീയ എതിരാളികളുടെ വായടപ്പിക്കുന്ന യുവ നേതാവ്... രാഹുലിന്റെ തുടക്കം അങ്ങനെയായിരുന്നു. തുടർന്ന് മുതിർന്ന നേതാക്കളുടെ താങ്ങും തണലും ലഭിച്ച് അവരുടെ കൈപിടിച്ച് അതിവേഗം മുൻ നിരയിലേക്ക് വളർന്നു. ചെറുപ്രായത്തിൽ തന്നെ എംഎൽഎ സ്ഥാനവും ലഭിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരം കിട്ടിയാൽ രാഹുൽ മന്ത്രിയാവും എന്നുവരെ പലരും കണക്കുകൂട്ടിയിരുന്നു. എന്നാൽ വളർന്നതിനെക്കാൾ വേഗത്തിൽ രാഹുൽ തകർന്നുവീഴുന്ന കാഴ്ചയാണ് അവർക്ക് കാണേണ്ടിവന്നത്. ഇതിനൊരു രാഷ്ട്രീയ ഉയർത്തെഴുന്നേൽപ്പ് രാഹുലിന് ഉണ്ടാകുമോ എന്നകാര്യത്തിലും അവർക്ക് സംശയമാണ്. പാർട്ടിയിലെ സാധാരണ പ്രവർത്തകർക്ക് മാത്രമല്ല കൂടെ കൊണ്ടുനടന്ന് വളർത്തിവലുതാക്കിയ നേതാക്കൾക്കുപോലും ഇപ്പോൾ രാഹുൽ വെറുക്കപ്പെട്ടവനാണ്. എന്നെന്നും അങ്ങനെയാകില്ലെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും അങ്ങനെ തുടർന്നേ പറ്റൂ.
അസമയത്തെ കൂടിക്കാഴ്ച
രാഷ്ട്രീയ പക്വതയില്ലാത്ത ചില തീരുമാനങ്ങൾ മൂലം കോൺഗ്രസ് നേതൃത്വത്തിന് രാഹുലിനെ അടുത്തകാലത്തായി അത്ര പിടിച്ചിരുന്നില്ല. അർദ്ധരാത്രി ആരും ആവശ്യപ്പെടാതെ പിവി അൻവറിന്റെ വീട്ടിൽ രഹസ്യ കൂടിക്കാഴ്ചയ്ക്കുപോയതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. അൻവറുമായി ഇനി ഒരു ചർച്ചയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞ് നാവ് വായിലേക്കിടും മുമ്പായിരുന്നു പാതിരാത്രിയിലെ രാഹുലിന്റെ കൂടിക്കാഴ്ച. ഇതിന്റെ ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടത് രാഹുലിന്റെ പെട്ടിയിലെ ആദ്യത്തെ ആണിയായി. വിമർശനങ്ങൾ കടുത്തതോടെ തെറ്റുപറ്റിയെന്ന് രാഹുൽ കുമ്പസരിച്ചെങ്കിലും വിശ്വസിക്കാൻ കൊള്ളാത്തവനെന്നും പക്വതയില്ലാത്തവനെന്നുമുള്ള തോന്നൽ വിഡി സതീശനടക്കമുള്ള നേതാക്കൾക്കിടയിലുണ്ടാക്കി.
ഉയർന്നുവന്നത് യുവനേതാവായി, പക്ഷേ..
താഴേത്തട്ടിൽ പോസ്റ്ററൊട്ടിച്ചും എതിരാളികളെ നേരിട്ടും നേതൃനിരയിലേക്ക് വന്ന ഒരാളല്ല രാഹുൽ മാങ്കൂട്ടത്തിൽ. വാക്കുകളുടെ മൂർച്ചയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. എതിർ പാർട്ടികളിലെ മുതിർന്ന നേതാക്കൾക്ക് രാഹുലിന്റെ ചോദ്യങ്ങൾക്കുമുന്നിൽ ഉത്തരംമുട്ടി. പാർട്ടി അണികൾക്കൊപ്പം സാധാരണക്കാരും രാഹുലിന്റെ വാചക മൂർച്ചയിൽ എതിരാളികൾ പിടഞ്ഞുവീഴുന്നത് ആവോളം ആസ്വദിച്ചു. അവർ രാഹുലിന് താരപരിവേഷം ചാർത്തിക്കൊടുത്തു. ഇതോടെ 'ഇവൻ കൊള്ളാം' എന്ന തോന്നൽ കോൺഗ്രസ് നേതാക്കൾക്കുമുണ്ടായി. അങ്ങനെ രാഹുൽ വളർന്നുതുടങ്ങുമ്പോൾ വർഷങ്ങളോളംപോസ്റ്ററൊട്ടിച്ചും എതിരാളികളുടെ തല്ലുകൊണ്ടും പാർട്ടിക്കുവേണ്ടി വിയർപ്പും രക്തവും ചിന്തിയവരിൽ പലരും ഒന്നുമല്ലാതെ മാറ്റിനിറുത്തപ്പെടുകയായിരുന്നു.
ഷാഫി പറമ്പിൽ എന്ന കോൺഗ്രസ് യുവ സിംഹവുമായി അടുത്തതോടെ രാഹുലിന്റെ വളർച്ച പിടിച്ചാൽ കിട്ടാത്ത വേഗത്തിലായി. അങ്ങനെ വളർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായി. സംഘടനാ തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയെങ്കിലും അതൊന്നും രാഹുലിനെ തളർത്താനായില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി രാഹുൽ സ്ഥാനമേൽക്കുന്നത് പല ചാനലുകളിലും ബ്രേക്കിംഗ് ന്യൂസായിരുന്നു. പാർട്ടി സെക്രട്ടിമാർ അധികാരമേൽക്കുന്നത് ബ്രേക്കിംഗ് ന്യൂസുകളായി മാറാറുണ്ടെങ്കിലും യുവജന സംഘടനയുടെ അദ്ധ്യക്ഷനായി ഒരാൾ എത്തുന്നതിന് ഇത്രയധികം പ്രാധാന്യം ലഭിച്ചത് ആദ്യമായിട്ടായിരുന്നു.
അറസ്റ്റ് വീണ്ടും വളർത്തി
സെക്രട്ടേറിയറ്റ് സമരത്തിന്റെ പേരിൽ പിണറായിയുടെ പൊലീസ് പുലർച്ചെ വീടുവളഞ്ഞ് അറസ്റ്റുചെയ്തതോടെ രാഹുലിന്റെ കരിയർ ഗ്രാഫ് ആരെയും അതിശയിപ്പിച്ച് കുത്തനെ മേലേക്ക് ഉയർന്നു. കിട്ടിയ അവസരം രാഹുൽ നന്നായി മുതലാക്കുകയും ചെയ്തു. സ്വയം മാർക്കറ്റ് ചെയ്യാൻ അസാധാരണ കഴിവുള്ള രാഹുലിന് അതിന് ഒരു പി ആർ ഏജൻസിയുടെയും സഹായം വേണ്ടിവന്നില്ല. ഇതിനിടയിലാണ് വിഡി സതീശനുമായി അടുക്കുന്നത്.
നീലപ്പെട്ടിയും റീലുകളും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഷാഫിയുടെ നോമിനിയായാണ് രാഹുൽ സ്ഥാനാർത്ഥിയാകുന്നത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയല്ല ഷാഫിയുടെ സ്ഥാനാർത്ഥിയാണ് എന്നുവരെ പാർട്ടി കേന്ദ്രങ്ങളിൽ ആക്ഷേപമുയർന്നു. എന്നാൽ എല്ലാ ആക്ഷേപങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് രാഹുൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. താൻ മത്സരിച്ച തിരഞ്ഞെടുപ്പുകളിൽ നടത്തിയ പ്രചാരണത്തെക്കാൾ മികച്ച പ്രചാരണമാണ് ഷാഫി പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുലിനുവേണ്ടി നടത്തിയത്. അങ്ങനെ കോൺഗ്രസിനുള്ളിൽ ഷാഫി - രാഹുൽ ശക്തികേന്ദ്രം പുതിയ അച്ചുതണ്ടായി വളർന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇരുവരും കളംനിറഞ്ഞു. പക്ഷേ, ഇതിനിടെയാണ് അൻവറുമായുള്ള രാഹുലിന്റെ രഹസ്യ കൂടിക്കാഴ്ചയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ വാഹന പരിശോധനയ്ക്കിടെയുള്ള മോശം പെരുമാറ്റത്തിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നത്. ഇത് രാഹുലിന്റെ പ്രതിച്ഛായയ്ക്ക് ചെറുതല്ലാത്ത മങ്ങലാണ് ഏൽപ്പിച്ചത്. സതീശനും രാഹുലിനോട് മമതയില്ലാതായി തുടങ്ങി.
ഇതുകഴിഞ്ഞതോടെ ആരോപണങ്ങൾ ഒന്നൊന്നയി ഉയർന്നുവരികയായിരുന്നു. ഗർഭഛിദ്ര ആരോപണമായിരുന്നു ആദ്യത്തേത്. രാഹുൽ അനുകൂലികൾ ഇതിനെ പിതൃശൂന്യ ആരോപണമെന്ന് വിശേഷിപ്പിച്ച് തള്ളിയെങ്കിലും സമൂഹ മാദ്ധ്യമങ്ങളിൽ അത് കറങ്ങി നടന്നു. കഴിഞ്ഞദിവസം നടിയുടെ വെളിപ്പെടുത്തൽ കൂടി ഉണ്ടായതോടെ ഗർഭഛിദ്ര ആരോപണത്തിന് ശക്തികൂടി. ഇതിനിടെ യുവതിയോടെ ഗർഭഛിദ്രം നടത്താൻ രാഹുൽ നിർബന്ധിക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു. അതോടെ രാഹുലിന്റെ പെട്ടിയിലെ അവസാനത്തെ ആണിയും വീണു. ഒരുകാലത്ത് താങ്ങും തണലുമായിരുന്ന നേതാക്കളെല്ലാം കൈവിട്ടതോടെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചൊഴിയേണ്ടിയും വന്നു. എതിരാളികളെയും മാദ്ധ്യമപ്രവർത്തരെയും മൂർച്ചയേറിയ നാവുകൊണ്ട് വിറപ്പിച്ച രാഹുൽ ചോദ്യങ്ങൾ നേരിടാനാവാതെ തിരിഞ്ഞോടുന്നതും രാജിപ്രഖ്യാപനത്തിൽ കാണേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |