കൊച്ചി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ 200കോടിയിലേറെ രൂപയുടെ വായ്‌പാത്തട്ടിപ്പ് കേസിൽ മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗന്റെയും ബന്ധുക്കളുടെയും കണ്ടുകെട്ടിയ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബാങ്കിന് തിരിച്ചുനൽകി. ഇവ വിറ്റഴിച്ച് നിക്ഷേപകർക്ക് പണം നൽകും.
76,67,680 രൂപയുടെ സ്വത്തുക്കളും 25 ലക്ഷം രൂപയുടെ ബെൻസ് കാറും 7,99,718 രൂപയുടെ സ്വർണവുമാണ് തിരികെ നൽകിയത്. കൊച്ചി ഓഫീസിൽ വച്ച് ഡെപ്യൂട്ടി ഡയറക്‌ടർ എസ്.സിമി ബാങ്ക് സെക്രട്ടറി ബൈജുരാജിന് രേഖകൾ കൈമാറി. കേസ് അവസാനിക്കുന്നതിനു മുമ്പ് നഷ്‌ടപ്പെട്ട തുക ഇരകൾക്ക് തിരികെ നൽകണമെന്ന നയപ്രകാരമാണ് ഇ.ഡിയുടെ നടപടി. ഇതിന് ഹൈക്കോടതിയും അനുമതി നൽകിയിരുന്നു.
സി.പി.ഐ മുൻ നേതാവായ ഭാസുരാംഗൻ പ്രസിഡന്റായിരിക്കെ ഉന്നതർ ശുപാർശ ചെയ്‌ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും യാതൊരു ഈടുമില്ലാതെ വൻതുക വായ്‌പ നൽകിയെന്നാണ് കേസ്. മൂല്യം കുറഞ്ഞ വസ്‌തുക്കളുടെ ഈടിലും വായ്‌പ നൽകിയിരുന്നു. ബന്ധുക്കൾക്ക് ഉൾപ്പെടെ നിയമവിരുദ്ധമായി വായ്പ അനുവദിച്ചെന്നും കണ്ടെത്തിയിരുന്നു. ഇവർ വായ്പ തിരിച്ചടയ്‌ക്കാതിരുന്നത് ബാങ്കിനെ വൻനഷ്ടത്തിലാക്കി. വായ്പകളുടെയും നിക്ഷേപങ്ങളുടെയും മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്നും ഇ.ഡി 2023ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തിരിച്ചുനൽകിയ സ്വത്തുക്കളും മൂല്യവും
ഭാസുരാംഗൻ,ബി.ജയന്തി എന്നിവരുടെ പേരിലുള്ള സ്ഥലം- 39 ലക്ഷം രൂപ
ബി.ജയകുമാരിയുടെ പേരിലുള്ള സ്ഥലം- 6,65,280 രൂപ
അഖിൽജിത് ജെ.ബിയുടെ പേരിലുള്ള സ്ഥലം- 5 ലക്ഷം രൂപ
അഭിമ വി.ബിയുടെ പേരിൽ ആലുവയിലെ ഫ്ളാറ്റ്- 22,72,400 രൂപ
വി.ആർ.ബാലമുരുകന്റെ സ്ഥലം- 2 ലക്ഷം രൂപ
വി.ആർ.ബാലമുരുകന്റെ സ്ഥലം- 1,30,000 രൂപ
മെഴ്സിഡസ് ബെൻസ് കാർ- 25 ലക്ഷം രൂപ
ബാങ്കിൽ നിന്ന് പിടിച്ച സ്വർണം- 3,57,718 രൂപ
മാറനല്ലൂർ ശാഖയിൽ നിന്ന് പിടിച്ച സ്വർണം- 7,99,718 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |