തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണിന് ജയത്തോടെ തുടക്കമിട്ട് തൃശൂര്‍ ടൈറ്റന്‍സ്. ആലപ്പി റിപ്പിള്‍സിനെ ഏഴ് വിക്കറ്റിനാണ് ടൈറ്റന്‍സ് മറികടന്നത്. റിപ്പിള്‍സ് ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ടൈറ്റന്‍സ് മറികടന്നു. ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി തിളങ്ങിയ ആനന്ദ് കൃഷ്ണന്‍, അഹമ്മദ് ഇമ്രാന്‍ സഖ്യമാണ് അനായാസ ജയമൊരുക്കിയത്.
സ്‌കോര്‍: ആലപ്പി റിപ്പിള്‍സ് 151-7 (20), തൃശൂര്‍ ടൈറ്റന്‍സ് 152-3 (16.3)
ആദ്യം ബാറ്റ് ചെയ്ത റിപ്പിള്‍സ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. 38 പന്തുകള്‍ നേരിട്ട അസ്ഹര്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 56 റണ്‍സാണ് നേടിയത്. ഏഴാമനായി ഇറങ്ങി 23 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ശ്രീരൂപാണ് റിപ്പിള്‍സ് നിരയില്‍ പിന്നീട് ഭേദപ്പെട്ട പ്രകടനം നടത്തിയത്. അക്ഷയ് ചന്ദ്രന്‍ (7), ജലജ് സക്സേന (8), അഭിഷേക് പി. നായര്‍ (14), അനുജ് ജോട്ടിന്‍ (11), അക്ഷയ് ടി.കെ (2) എന്നിവരെല്ലാം നിരാശപ്പെടുത്തി.
വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സ് നിരയില്‍ 39 പന്തില്‍ നിന്ന് അഞ്ചു സിക്സും രണ്ട് ഫോറുമടക്കം 63 റണ്‍സെടുത്ത ആനന്ദാണ് ടോപ് സ്‌കോറര്‍. 44 പന്തുകള്‍ നേരിട്ട അഹമ്മദ് ഇമ്രാന്‍ എട്ട് ബൗണ്ടറിയടക്കം 61 റണ്‍സെടുത്തു. ഷോണ്‍ റോജറാണ് (7) പുറത്തായ മറ്റൊരു താരം. അക്ഷയ് മനോഹറും (10*), അര്‍ജുന്‍ എ.കെയും (1*) പുറത്താകാതെ നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |