കോഴിക്കോട്: വെള്ളക്കെട്ട് ഒഴിവാക്കാൻ മാനാഞ്ചിറയിലെ ഓവുചാൽ തുറന്ന് പണി തുടങ്ങിയെങ്കിലും ഫണ്ട് തികയാത്തതിനാൽ നിറുത്തി. ഓവുചാലിലെ മണ്ണെടുക്കാനുള്ള തുക എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താത്തതാണ് വിനയായത്. ഓടയിലെ മണ്ണുമാറ്റി സ്ലാബ് സ്ഥാപിക്കുന്നതാണ് വെെകുന്നത്. ഓവുചാൽ ആഴം കൂട്ടി നന്നാക്കാൻ പ്ലാൻഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയാണ് അനുവദിച്ചത്. മണ്ണ് നീക്കാനുള്ള തുക ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. മൂന്നടി താഴ്ചയുള്ള ഓടയാണ്. പണി പൂർത്തിയാകാത്തതിനാൽ കാൽനടയാത്രക്കാർ ദുരിതത്തിലായി. കോംട്രസ്റ്റിന്റെ ഭാഗത്തുള്ള മാനാഞ്ചിറ പ്രവേശന കവാടം മുതൽ സ്പോർട്സ് കൗൺസിൽ ഹാൾ വരെയുള്ള ഭാഗമാണ് തുറന്നത്. ഇതോടെ കാൽനടയാത്രക്കാർക്ക് നടപ്പാത ഒഴിവാക്കി റോഡിലൂടെ നടക്കേണ്ടിവരുന്നു. മാത്രമല്ല, ഫുട്പാത്തിൽ സ്ലാബുകളും ഇഷ്ടികയും മണ്ണുമൊക്കെ നിറച്ചിട്ടിരിക്കുകയാണ്.
കോംട്രസ്റ്റിന്റെ ഭാഗത്ത് കാറുകളും മറ്റും പാർക്ക് ചെയ്തിട്ടുള്ളതിനാൽ തിരക്കേറിയ റോഡിൽ കാൽനടയാത്ര ദുഷ്കരമായി. റോഡിൽ നിറയെ കുഴികളുമാണ്. മിഠായിത്തെരുവ് സന്ദർശിക്കാനെത്തുന്നവർക്കും ഇവിടെയുള്ള ഓട്ടോ സ്റ്റാൻഡിലെത്തുന്നവർക്കും റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ്. ഞായറാഴ്ചയും അവധി ദിവസങ്ങളിലും വൻതിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഖാദി ഷോറൂമിൽ നടക്കുന്ന പ്രദർശനത്തിനെത്തുന്നവരും മിഠായിത്തെരുവിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരും ദുരിതമനുഭവിക്കുന്നു.
മഴ മാറിയതിനാൽ തത്കാലം വെള്ളക്കെട്ട് ഇല്ലെങ്കിലും പണി എന്ന് പൂർത്തിയാകുമെന്ന് നിശ്ചയമില്ല. മഴ പെയ്താൽ കിഡ്സൺ കോർണറിലുണ്ടാകുന്ന വലിയ വെള്ളക്കെട്ട് ഒഴിവാക്കാനാണ് ഫുട്പാത്തിലെ സ്ലാബുകൾ മാറ്റി ഓവുചാൽ തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |