തൃശൂർ: ഗതാഗത നിയമലംഘനത്തിന് രണ്ടര വർഷത്തിനുള്ളിൽ ഇ-ചെലാൻ വഴി ചുമത്തിയത് 1228.38 കോടി. ഇതിൽ ഇനിയും പിരിഞ്ഞു കിട്ടാനുള്ളത് 792 കോടി. മൊബൈലിലടക്കം ഇതുസംബന്ധിച്ച സന്ദേശങ്ങൾ കിട്ടിയിട്ടും വാഹന ഉടമകൾ വിമുഖത കാട്ടുന്നതാണ് കാരണം.
2023 ജനുവരി മുതൽ കഴിഞ്ഞ ജൂൺവരെ ക്യാമറകൾ വഴി കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് മോട്ടോർവാഹന വകുപ്പും പൊലീസും ചുമത്തിയ പിഴയാണിത്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, അമിതവേഗം തുടങ്ങിയ നിയമലംഘനങ്ങൾക്കാണിത്.
90 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ കോടതിക്ക് കൈമാറും. കോടതി നടപടികൾ വൈകുന്നതിനാൽ പിരിഞ്ഞു കിട്ടുന്നത് വൈകും. പിഴ ഒടുക്കിയില്ലെങ്കിൽ വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കില്ല. വാഹനങ്ങളുടെ ടാക്‌സ് അടയ്ക്കുമ്പോഴോ, കൈമാറ്റം ചെയ്യുമ്പോഴോ പിഴ കുടിശിക അടയ്ക്കേണ്ടിവരും. അതിനാൽ, എത്ര വൈകിയാലും അടയ്ക്കാതിരിക്കാനാവില്ല.
റോഡുകളിൽ എ.ഐ ക്യാമറകൾ അടക്കം സ്ഥാപിച്ചിട്ടുള്ളതിനാൽ മിക്ക നിയമലംഘനങ്ങളും കണ്ടെത്തി പിഴ ചുമത്തുന്നുണ്ട്. ഇതുകൂടാതെ വാഹന പരിശോധനകളിലൂടെ നേരിട്ടും പിഴ ഈടാക്കുന്നുണ്ട്.
കോടതിയിൽ ഇരട്ടിപ്പിഴ
നിയമലംഘനങ്ങൾ കോടതിയിലെത്തിയാൽ വാഹന ഉടമകൾക്ക് ഇരട്ടിപ്പിഴ ഒടുക്കേണ്ടിവരും. ട്രാഫിക് നിയമലംഘനങ്ങൾക്ക് കേന്ദ്രം പിഴത്തുക കൂട്ടിയെങ്കിലും സംസ്ഥാനം അതിനനുസൃതമായി പലപ്പോഴും ഈടാക്കാറില്ല. ഹെൽമറ്റ് വയ്ക്കാത്തതിന് കേന്ദ്രം ആയിരം രൂപയാണ് പിഴ ഉയർത്തിയതെങ്കിലും സംസ്ഥാനം ചുമത്തുന്നത് 500 രൂപയാണ്. എന്നാൽ, കോടതിയിലെത്തിയാൽ കേന്ദ്രം നിശ്ചയിച്ച തുക ഒടുക്കേണ്ടിവരും.
2023 മുതൽ അയച്ച ഇ-ചെലാനുകൾ................................. 1.40 കോടി
ഇനി അയയ്ക്കാനുള്ളത്............................................................. 91.59 ലക്ഷം
ഓരോ മണിക്കൂറിലും കണ്ടെത്തുന്ന നിയമലംഘനം..........100+
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ....................... 1.85 കോടി
''നിയമലംഘനം സംബന്ധിച്ച് ഫോണിൽ സന്ദേശം അയയ്ക്കുന്നുണ്ടെങ്കിലും പലരും അത് ശ്രദ്ധിക്കാത്തതാണ് പിഴയടയ്ക്കാൻ വൈകുന്നത്
-ബിജു ജെയിംസ്,
ആർ.ടി.ഒ, തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |