ആലപ്പുഴ: കയർ വ്യവസായി, എഴുത്തുകാരൻ, മാരാരിക്കുളത്തെ ആദ്യ എം.എൽ.എ പി.ജി.സദാശിവന്റെയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഭൈമി സദാശിവന്റെയും മകൻ തുടങ്ങിയ വിശേഷണങ്ങൾക്കപ്പുറം റഷ്യൻ ഭാഷയുമായുള്ള അഭേദ്യ ബന്ധമാണ് ചേർത്തല പട്ടണക്കാട് സദാശിവ ഭവനിൽ സി.എസ് സുരേഷിനെ വ്യത്യസ്തനാക്കുന്നത്.
പത്ത് വർഷത്തിനിടെ അഞ്ച് നോവലുകളാണ് റഷ്യൻ ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് സുരേഷ് പരിഭാഷപ്പെടുത്തിയത്. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായിരിക്കേ, മോസ്കോയിലെ പീപ്പിൾസ് ഫ്രണ്ട്ഷിപ്പ് യൂണിവേഴ്സിറ്റിയിൽ (സൗഹൃദ സർവകലാശാല) സ്റ്റൈപ്പെന്റോടെ സൗജന്യ വിദ്യാഭ്യാസം നേടാൻ മെക്കാനിക്കൽ എൻജിനിയറിംഗിൽ സ്കോളർഷിപ്പ് ലഭിച്ചതാണ് റഷ്യൻ ഭാഷയോടുള്ള പ്രേമത്തിന് വഴിയൊരുക്കിയത്.
ആറ് വർഷമായിരുന്നു കോഴ്സ്. തുടർന്ന് മോസ്കോ റേഡിയോയിൽ ഒരു വർഷക്കാലം മലയാളം പ്രക്ഷേപണ വിഭാഗത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം പുന്നപ്ര വയലാർ എന്ന പുസ്തകം രചിച്ചു. തുടർന്നാണ് സുഹൃത്തും എഴുത്തുകാരനുമായ കെ.വി.മോഹനകുമാർ വഴിയാണ് ഗ്രീൻ ബുക്സിന് വേണ്ടി റഷ്യൻ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള അവസരം ലഭിച്ചത്. യെവ്ഗെനി വൊദലാസ്‌കിന്റെ ലാറുസ് എന്ന വിശുദ്ധൻ ആയിരുന്നു ആദ്യ വിവർത്തനം. നീലാകാശത്തിൽ നിന്ന്, ലാസറിന്റെ പെണ്ണുങ്ങൾ, പെത്രോവ്സ് കുടുംബത്തിന്റെ പനിക്കെടുതികൾ, ഒരു പെൺകുട്ടി മെട്രോപ്പോൾ ഹോട്ടലിൽ നിന്ന് എന്നിവയാണ് മറ്റ് കൃതികൾ. റഷ്യൻ അനുഭവങ്ങൾ ചേർത്തുവച്ച് ആത്മകഥയെഴുതുന്നതിന്റെ തിരക്കിലാണിപ്പോൾ സുരേഷ്.
പരിഭാഷയിൽ നിന്ന്
കയറ്റുമതി രംഗത്തേയ്ക്ക്
മെക്കാനിക്കൽ എൻജിനിയറിംഗ് പഠനത്തിന് ശേഷം റഷ്യയിൽ നിന്ന 83ൽ നാട്ടിൽ തിരികെയെത്തി. സർക്കാർ സർവീസിൽ അസിസ്റ്റന്റ് എൻജിനിയറായി പ്രവർത്തിക്കേ, റഷ്യൻ ഭാഷ അറിയുന്ന എൻജിനിയറെ തേടിയുള്ള സ്വകാര്യ കമ്പനിയുടെ അന്വേഷണം സുരേഷിലെത്തി. തുടർന്ന് സർക്കാർ ജോലി രാജിവച്ചു. അഞ്ച് വർഷത്തിന് ശേഷം 88ൽ വീണ്ടു റഷ്യയിലെത്തി.
ഇതിനിടെയാണ് കാറുകളുടെ സീറ്റ് നീർമ്മാണത്തിന് ഇന്ത്യയിൽ നിന്ന് കയർ ഫൈബർ കയറ്റുമതിക്ക് സഹായിക്കാമോ എന്ന ആവശ്യവുമായി റഷ്യൻ സുഹൃത്ത് സമീപിച്ചത്. അങ്ങനെ 91ൽ ചെന്നൈയിൽ നിന്ന് ടെക്നോ എക്സ്പോർട്ട്സ് എന്ന പേരിൽ കേൾഡ് കയർ ഫൈബർ കയറ്റുമതി ആരംഭിച്ചു. വൈകാതെ സ്വദേശമായ ചേർത്തലയിലും ടെക്നോ എക്സ്പോർട്ട്സും അനുബന്ധ സ്ഥാപനങ്ങളും ആരംഭിച്ചു. കയറ്റുമതിയിൽ സിംഹഭാഗവും റഷ്യയിലേക്കാണ് പോകുന്നത്. റിട്ട. ഹൈസ്ക്കൂൾ അദ്ധ്യാപിക ദർശനയാണ് ഭാര്യ. മക്കൾ: ശങ്കർ, സാഗർ.മരുമക്കൾ: നീതു, അപർണശ്രീ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |