സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്റെ ആഗ്രഹം വീട്ടുകാര്‍ സാധിച്ച് കൊടുക്കാത്ത വാശിയില്‍ വളര്‍ന്നപ്പോള്‍ ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ച് യുവതി. കുട്ടിക്കാലം മുതല്‍ തനിക്ക് യാത്രകള്‍ പോകാന്‍ വലിയ താത്പര്യമായിരുന്നു. എന്നാല്‍ വീട്ടുകാര്‍ അത് അനുവദിച്ചില്ല. വലുതാകുമ്പോള്‍ വിവാഹമൊക്കെ കഴിച്ച് ഭര്‍ത്താവിനൊപ്പം എവിടെ വേണമെങ്കിലും പൊയിക്കോളൂ- ഇതായിരുന്നു ആ പെണ്‍കുട്ടിയോട് വീട്ടുകാര്‍ പറഞ്ഞത്. അങ്ങനെ പ്രായപൂര്‍ത്തിയായപ്പോള്‍ നാട് ചുറ്റാന്‍ ഏറ്റവും നല്ലത് നാഷണല്‍ പെര്‍മിറ്റുള്ള ഒരു ട്രക്ക് ഓടിക്കുന്ന യുവാവിനെ വിവാഹം കഴിക്കുന്നതാണന്ന് യുവതി തീരുമാനിച്ചു.
വിവാഹം കഴിഞ്ഞതിന് ശേഷം ഭര്‍ത്താവുമൊത്ത് ട്രക്കില്‍ ഇരിക്കുന്ന യുവതിയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്‍സ്റ്റാഗ്രാമിലും എക്‌സിലും ഫേസ്ബുക്കിലും നിരവധി ആളുകള്‍ നവദമ്പതിമാരുടെ വീഡിയോ കണ്ടു. നിരവധി പേര്‍ ആശംസകളുമായി രംഗത്ത് വന്നപ്പോള്‍ വിമര്‍ശനം ഉന്നയിച്ചും കമന്റുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍ ഒടുവില്‍ ആ സത്യം തെളിഞ്ഞപ്പോള്‍ ഇരുവരും വിവാഹിതരല്ലെന്ന് കണ്ടെത്തുകയായിരുന്നു ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍.
വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന യുവതിയും യുവാവും ഭാര്യയും ഭര്‍ത്താവുമല്ലെന്നും ഇരുവരും യൂട്യൂബ് വ്‌ളോഗര്‍മാരാണെന്നുമാണ് മാദ്ധ്യമപ്രവര്‍ത്തകന്റെ കണ്ടെത്തല്‍. യൂട്യൂബ് കൊമേഡിയനായ ദീപക് പട്ടേലും യൂട്യൂബറായ അമൃതയുമാണ് വിഡിയോയില്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചതെന്നും തമാശയ്ക്കായി ഒരുക്കിയ വിഡിയോയാണ് തരംഗമായതെന്നും മാദ്ധ്യമപ്രവര്‍ത്തകന്‍ വിശദീകരിക്കുന്നു. തിരക്കഥയുടെ അടിസ്ഥാനത്തില്‍ വെറും വിനോദത്തിനായി മാത്രം നിര്‍മിച്ച വീഡിയോയാണ് വൈറലായത്.
പക്ഷേ അവരുടെ അഭിനയം കണ്ട പലരും വീഡിയോയിലുള്ളത് യഥാര്‍ത്ഥ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് വിശ്വസിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇരുവരും തമ്മിലുള്ള ഒരു തര്‍ക്കത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ട്രക്കിന്റെ ഉടമസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചല്ലെ വേറും ഡ്രൈവറായ നിങ്ങള്‍ എന്നെ വിവാഹം കഴിച്ചത് എന്ന യുവതി പരാതി പറയുന്നതാണ് വീഡിയോയുടെ തുടക്കം. മറ്റ് സ്ത്രീകളുമായി അടുപ്പമുള്ളത് കൊണ്ടല്ലേ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം വീട്ടില്‍ വരുന്നതെന്നും യുവതി ചോദിക്കുന്നുണ്ട്. ഇതെല്ലാം കണ്ടാണ് ഇവര്‍ യഥാര്‍ത്ഥ ഭാര്യാഭര്‍ത്താക്കന്‍മാരാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |