പത്തനംതിട്ട : പുനലൂർ - മൂവാറ്റുപുഴറോഡ് നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ സംസ്ഥാന സർക്കാരിന് കത്തു നൽകി. റാന്നി കാറ്റാടിക്കൽ എം.ആർ.അനിൽ കുമാർ നൽകിയ പരാതിയിലാണ് ഗവർണറുടെ ഇടപെടൽ. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ വിഭാഗത്തിന് കത്ത് കൈമാറിയതായി ഗവർണറുടെ ഡപ്യൂട്ടി സെക്രട്ടറി എൻ.എസ്.ഉത്തര അറിയിച്ചു.
റോഡ് വികസനത്തിൽ വൻ അഴിമതി നടന്നതായ പരാതിയിൽ നാലുവർഷം മുമ്പ് ആരംഭിച്ച വിജിലൻസ് അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തിലാണ് ഗവർണർക്ക് പരാതി അയച്ചത്. ലോകബാങ്കിന്റെ ധനസഹായത്തോടെയാണ് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത വികസിപ്പിച്ചത്.
ഏറ്റെടുത്ത ഭൂമി എന്തു ചെയ്തു ?
റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമി പ്രയോജനപ്പെടുത്താതെ നിർമാണ സമയത്ത് ഒന്ന് മുതൽ 11 മീറ്റർ വരെ വീതി കുറച്ചിരുന്നു. കെ.എസ്.ടി.പി രേഖകൾ പ്രകാരം പ്ലാച്ചേരി - കോന്നി ഭാഗത്ത് 11.5 മീറ്റർ മുതൽ 23 മീറ്റർ വരെ വീതിയിൽ ഭൂമി ഏറ്റെടുത്തിരുന്നു. ഇതു പൂർണമായി പ്രയോജനപ്പെടുത്തിയിട്ടില്ല.
കാത്തിരിപ്പ് കേന്ദ്രങ്ങൾ, ജംഗ്ഷനുകളുടെ നവീകരണം, ബസ് ബേകളുടെ നിർമാണം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. ഇവയെല്ലാം പേരിനു മാത്രമായി. റാന്നി ടൗണിൽ റോഡ് ഉയർത്തണമെന്ന നിർദേശം അട്ടിമറിക്കപ്പെട്ടു. നിർദേശിക്കപ്പെട്ട വീതി റാന്നിടൗൺ മേഖലയിൽ ഇല്ല.
വീതി നിർണയിച്ചതിൽ ക്രമക്കേട്
പൊന്നും വിലയ്ക്ക് ഏറ്റെടുത്ത സ്ഥലത്തു പലയിടങ്ങളിലും റോഡിനു വീതി കുറച്ച് നിർമിച്ചുവെന്നാണ് പരാതി. 11.5 മീറ്റർ മുതൽ 23 മീറ്റർ വരെ വീതിയിലാണ് സ്വകാര്യ വ്യക്തികളിൽ നിന്ന് സർക്കാർ ഭൂമി ഏറ്റെടുത്തത്. എന്നാൽ ഈ സ്ഥലം റോഡിനു വേണ്ടി പൂർണമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. പല സ്ഥലത്തും പാതയുടെ വീതി 10 മീറ്ററിൽ താഴെയാണ്. ബിഎം ബിസി നിലവാരത്തിൽ എട്ട് മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നതിന് ഒമ്പതു കോടി രൂപയാണ് നിർമാണഘട്ടത്തിൽ ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ ഒരു കിലോമീറ്റർ റോഡ് നിർമിക്കാൻ 15 കോടി വരെ ചെലവായതായി പരാതിക്കാരൻ തെളിവു സഹിതം വിജിലൻസിനെ ധരിപ്പിച്ചിരുന്നു. പൊൻകുന്നം - പ്ലാച്ചേരി റീച്ചിൽ എസ്റ്റിമേറ്റ് തുകയേക്കാൾ 9.10 കോടി രൂപാ അധികം നൽകി. പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള 30 കിലോ മീറ്റർ ഭാഗത്ത് സർക്കാർ ഭൂമിയിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ പാറയും മണ്ണുമാണ് കരാറുകാരൻ സൗജന്യമായി റോഡുനിർമാണത്തിന് ഉപയോഗിച്ചത്. ഇവ ഉപയോഗിച്ച് നിർമിച്ച പാർശ്വ ഭിത്തികൾക്ക് 45.6 കോടിയാണ് കരാറുകാരൻ ഈടാക്കിയതെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി.
500 കോടിയുടെ ക്രമക്കേട് എന്ന് പരാതി
2021 നവംബറിലാണ് പാത നിർമാണത്തിലെ അഴിമതി സംബന്ധിച്ച പരാതി വിജിലൻസിന് നൽകുന്നത്. വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അഴിമതി നടന്നതായി വ്യക്തമായിരുന്നു. എന്നാൽ തുടരന്വേഷണം അട്ടിമറിച്ചതായാണ് സംശയം.
അനിൽ കാറ്റാടിക്കൽ, പരാതിക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |