കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് കൊൽക്കത്ത ലാ കോളേജ് കൂട്ട മാനഭംഗക്കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കുറ്റകൃത്യം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പൊലീസ് 658 പേജുകളുള്ള കുറ്റപത്രം അലിപൂർ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ചത്. മുഖ്യപ്രതിയായ മനോജിത് മിശ്ര വിദ്യാർത്ഥിനിയുടെ ഒന്നിലധികം വീഡിയോകൾ ചിത്രീകരിച്ചെന്നും അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
ലാ കോളേജിലെ മുൻ വിദ്യാർത്ഥിയായ മനോജ് മിശ്ര (31), നിയമ വിദ്യാർത്ഥികളായ സായിബ് അഹ്മദ് (19), പ്രമിത് മുഖോപാദ്ധ്യായ് (20), കോളേജ് സെക്യൂരിറ്റി ജീവനക്കാരനായ പിനാകി ബാനർജി (55) എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്. അതേസമയം, നാല് പ്രതികൾക്കെതിരെയും ബി.എൻ.എസ് പ്രകാരം കൂട്ടമാനഭംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, വധഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തി. പ്രതികളുടെ ഡി.എൻ.എ, മെഡിക്കൽ, ഫോറൻസിക് പരിശോധനകളിലും നിന്നുള്ള ഒന്നിലധികം റിപ്പോർട്ടുകളും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. തുടക്കത്തിൽ അന്വേഷണത്തിനായി അഞ്ച് അംഗങ്ങൾ ഉൾപ്പെട്ടിരുന്ന എസ്.ഐ.ടി പിന്നീട് ഒമ്പത് അംഗങ്ങളായി വികസിപ്പിക്കുകയായിരുന്നു.
ജൂൺ 25നാണ് വിദ്യാർത്ഥിനി കൂട്ട മാനഭംഗത്തിന് ഇരയായത്. വിദ്യാർത്ഥി സംഘടനയുടെ യോഗം കഴിഞ്ഞ ശേഷം കോളേജിന് പുറത്തേക്ക് പോകുന്നതിനിടെയാണ് മുഖ്യപ്രതി വിദ്യാർത്ഥിനിയെ തടഞ്ഞുനിറുത്തി. ശേഷം സെക്യൂരിറ്റി ഗാർഡിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മുഖ്യപ്രതി പെൺകുട്ടിയെ മർദ്ദിച്ചു. തുടർന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. ഹോക്കിസ്റ്റിക്ക് കൊണ്ട് പെൺകുട്ടിയുടെ തലക്കടിച്ചു. ശേഷം ഒപ്പം ഉണ്ടായിരുന്നവരും പെൺകുട്ടിയെ മാനഭംഗപ്പെടുത്തി. അതിന്റെ ദൃശ്യങ്ങളും പകർത്തിയാതായും പൊലീസ് അറിയിച്ചു.അതേസമയം, താൻ ജൂൺ 25ന് കോളേജ് ക്യാമ്പസിൽ വച്ച് കൂട്ടമാനഭംഗത്തിന് ഇരയായെന്നും അതിജീവിതയും മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |