കൊച്ചി: അത്തം പിറന്നു. പതിവുപോലെ നഗരവാസികൾക്ക് പൂവിടാൻ അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പൂക്കൾ തന്നെ ശരണം. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പൂ വിൽപന നടക്കുന്ന കേന്ദ്രങ്ങളിലൊന്നായ എറണാകുളം നേർത്തിൽ ഉൾപ്പെടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പൂത്തട്ടുകൾ ആരംഭിച്ചു. ഓണാഘോഷങ്ങൾ ആരംഭിച്ചതോടെ പൂവിന് ഇപ്പോൾ തന്നെ ആവശ്യക്കാരേറെയാണെന്ന് കച്ചവടക്കാർ പറയുന്നു.
തുടക്ക ദിവസങ്ങളിൽ തന്നെ പൂവിന് വില കൂടുതലാണ്. ഓണാഘോഷം മുറുകുന്നതോടെ തുടർന്നുള്ള ദിനങ്ങളിൽ വില ഇനിയും ഉയരും. ജമന്തിയും വാടാമല്ലിയും റോസും അരളിയുമൊക്കെയാണ് വിപണിയിലെ താരങ്ങൾ. കിലോയ്ക്ക് 800 രൂപയുള്ള ഡാലിയ മിൽക്ക് വൈറ്റാണ് വിലയിലെ മുൻപൻ. ഇതിന്റെ തന്നെ മറ്റൊരു വകഭേദമായ ആസ്ട്രിൻ ബ്ലൂവാണ് രണ്ടാമൻ. കിലോ 740 രൂപ. ആസ്ട്രിൻ പിങ്കിന് 620ഉം വെള്ള ഡാലിയയ്ക്ക് 600ഉം വിലയുണ്ട്. ഒന്നിന് 30 രൂപയുളള താമര മൊട്ടിനും ആവശ്യക്കാരേറെയാണ്.
മറുനാടൻ പൂവ്
കോയമ്പത്തൂർ, കർണാടക, മൈസൂർ, ദിണ്ടിഗൽ, ആന്ധ്രയ്ക്കടുത്ത് കൊപ്പം, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നെല്ലാമാണ് പൂവെത്തുന്നത്. രാത്രി 12 വരെ വില്പന. പാലക്കാട് നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ളവരാണ് സ്റ്റാളുകളിലുള്ളത്. സമീപത്ത് താത്കാലിക താമസ സൗകര്യം ഒരുക്കും. സ്റ്റാളുകൾക്ക് പുറമേ തമിഴ്‌നാട്ടിൽ നിന്നുള്ളവരുടെ സാധാരണ പൂത്തട്ടുകളും പലയിടങ്ങളിലും റെഡിയായി കഴിഞ്ഞു.
പല പൂവുകൾ ഒന്നിച്ചുള്ള മിക്‌സഡ് പൂകിറ്റുകൾ ഇത്തവണയുമുണ്ട്. പല തൂക്കത്തിലുള്ള ഇത്തരം കിറ്റുകൾക്ക് 500 മുതലാണ് വില. പൂവുകളുടെ ഇനം കൂടുന്നതിനനുസരിച്ച് കിറ്റുകളുടെ വില കൂടും.
തിരക്കേറെ പൂരാടം, ഉത്രാടം, തിരുവോണം ദിവസങ്ങളിൽ
പൂവുകളും വിലയും
(വില കിലോയ്ക്ക്)
മഞ്ഞ ജമന്തി---- 200
ഓറഞ്ച് ജമന്തി---- 150
വെള്ള ഡാലിയ---- 600
മിൽക്ക് വൈറ്റ് ----600
വാടാമല്ലി---- 400
റെഡ് റോസ് ----400
പനിനീർ റോസ് ----300
യെല്ലോ റോസ് ----400
പിങ്ക് റോസ് ----350
അരളി റെഡ് ----450
അരളി പിങ്ക് ----350
അരളി വൈറ്റ് ----220
ആസ്ട്രിൻ പിങ്ക് ഡാലിയ ----320
ആസ്ട്രിൻ പിങ്ക് ബ്ലൂ ----740
ആസ്ട്രിൻ മിക്‌സ് ----320
ഡാലിയ റെഡ് ----350
താമര മൊട്ട് ----30
ശതാവരി കെട്ടിന് ---- 50
തിരക്ക് തുടങ്ങുന്നതേ ഒള്ളു. ഇത്തവണ നല്ല വില്പന പ്രതീക്ഷിക്കുന്നു. വരും ദിവസങ്ങളിൽ പൂവിന് വില കൂടും
സന്തോഷ് കുമാർ
ഒറ്റപ്പാലം സ്വദേശി
പൂവ് വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |