ആലപ്പുഴ: നെഹ്റുട്രോഫി ജലമേളയുടെ വരവറിയിച്ച് ഘോഷയാത്രയോടെ ആഘോഷങ്ങളുടെ പകലിരവുകൾക്ക് തുടക്കമായി. ശനിയാഴ്ച പുന്നമടക്കായലിൽ നടക്കുന്ന വള്ളംകളിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പവലിയനടക്കം തയ്യാറായിക്കഴിഞ്ഞു. നഗരവീഥികളിൽ വള്ളംകളിയാവേശം നിറച്ചാണ് സാംസ്‌കാരിക ഘോഷയാത്ര നടന്നത്. നഗരസഭ സംഘടിപ്പിച്ച ഘോഷയാത്ര കളക്ടറേറ്റിൽ എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഒഫ് ചെയ്തു.
വെള്ളക്കുതിരയുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയിൽ മാവേലി, വാമനൻ, അമ്മൻകുടം, പഞ്ചവാദ്യം, റോളർ സ്കേറ്റിംഗ്, ശിങ്കാരിമേളം, ബാന്റ് സെറ്റ്, പുരാണവേഷങ്ങൾ, കൊട്ടക്കാവടി, പൊയ്ക്കാൽ മയിൽ, തെയ്യം പ്ലോട്ടുകൾ, വഞ്ചിപ്പാട്ട്, കൊയ്ത്ത് വേഷം എന്നിങ്ങനെ വിവിധ കലാ, കായിക രൂപങ്ങൾ അണിനിരന്നു. നഗരത്തിലെ വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളുടെ പ്രകടനങ്ങൾക്കും നഗരം സാക്ഷിയായി. വൻജനാവലിയുടെ അകമ്പടിയോടെ നീങ്ങിയ ഘോഷയാത്ര നാൽപ്പാലത്തിൽ സമാപിച്ചു.
നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം.ജി.സതീദേവി, നസീർ പുന്നയ്ക്കൽ, എ.എസ്. കവിത, എം.ആർ.പ്രേം, ആർ.വിനീത, ഡി.പി.സി അംഗം ഡി.പി.മധു, കൗൺസിലർമാരായ ബിന്ദു തോമസ്, ഹരികൃഷ്ണൻ, രതീഷ്, സലിം മുല്ലാത്ത്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി. വി പ്രഭാത്, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ് തുടങ്ങിയവർ പങ്കെടുത്തു.
'വള്ളംകളി എക്‌സ്പ്രസ് ' യാത്ര തുടങ്ങി
വള്ളംകളിയുടെ ആവേശം ജില്ലയിലെ എല്ലാ ഭാഗങ്ങളിലും എത്തിക്കാൻ 'വള്ളംകളി എക്‌സ്പ്രസ്' യാത്ര തുടങ്ങി. ജലമേളയുടെ പ്രചരണാർത്ഥം പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ പ്രചാരണ വാഹനമായ വള്ളംകളി എക്‌സ്പ്രസിൽ കയറാൻ ആദ്യ ദിനം തന്നെ ധാരാളം പേർ എത്തി. നെഹ്റുട്രോഫി കാണാനുള്ള സൗകര്യവും ബസിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശന വാഹനത്തിൽ വള്ളം കളിയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം, ഫോട്ടോ പ്രദർശനം, തീം സോംഗ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 28 വരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും സമീപ ജില്ലകളിലും വള്ളംകളി എക്‌സ്പ്രസ് പര്യടനം നടത്തും.
നെഹ്റുവിനെ മറന്നു
വള്ളംകളി കമ്മിറ്റി പുറത്തിറത്തിയ ചുമർ പരസ്യങ്ങളിൽ ജവഹർലാൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയതിനെതിരെ ജവഹർലാൽ നെഹ്റു രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം ജനറൽ സെക്രട്ടറി എൻ.ബി.സുഭാഷ് ചന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |