ആലപ്പുഴ : നെല്ല് അരിയാക്കി വിതരണം ചെയ്തശേഷം കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പണം നൽകുമ്പോൾ, സംഭരിച്ച നെല്ലിന്റെ വില തരാമെന്ന സപ്ലൈകോയുടെ നിലപാട് കർഷക വിരുദ്ധമാണെന്ന് നെൽകർഷക സംരക്ഷണ സമിതി ആരോപിച്ചു. സപ്ലൈകോ നിശ്ചയിക്കുന്ന സംഭരണ കേന്ദ്രങ്ങളിൽ കർഷകർ നെല്ല് നേരിട്ട് എത്തിക്കണമെന്നുള്ള നിബന്ധനയും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കേന്ദ്രം അഞ്ചാമതും താങ്ങു വിലയായി ഒരു കിലോ നെല്ലിന് വർദ്ധിപ്പിച്ച 69 പൈസയുടെ വർധനവ് സംസ്ഥാനത്ത് ബാധകമാക്കാത്തത് സംസ്ഥാനത്തിന്റെ നെൽകർഷക വിരുദ്ധ നിലപാടിന്റെ ഭാഗമാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രാഷ്ട്രീയപ്പോരിന് നെൽകർഷകരെ ഇരകളാക്കരുത്.
നെല്ല് സംഭരണത്തിലെ പുതിയ തീരുമാനത്തിനെതിരെ നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മങ്കൊമ്പ് പാഡി മാർക്കറ്റിംഗ് ഓഫീസിന്റെ മുന്നിൽ നാളെ രാവിലെ 10ന് പ്രതിഷേധാഗ്നി സംഘടിപ്പിക്കാൻ കോർ കമ്മിറ്റി തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡന്റ് റജിന അഷ്റഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലാലിച്ചൻ പള്ളിവാതുക്കൽ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി വി.ജെ. ലാലി, കോർഡിനേറ്റർ ജോസ് കാവനാട്, വൈസ് പ്രസിഡന്റുമാരായ ഷാജി മുടന്താഞ്ഞിലി, റോയി ഊരാംവേലി, വിശ്വനാഥപിള്ള ഹരിപ്പാട്, കെ .ബി.മോഹനൻ വെളിയനാട്, പി.വേലായുധൻ നായർ, സെക്രട്ടറി മാത്യു തോമസ്, ജനറൽ സെക്രട്ടറി സോണിച്ചൻ പുളുങ്കുന്ന് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |