ക്ലാപ്പന: പൂട്ടിക്കിടന്ന വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് പത്തര പവനും 73000 രൂപയും കവർന്നു. ക്ലാപ്പന കാവുംകട ജംഗ്ഷന് കിഴക്ക് പാലക്കോട്ട് ലത്തീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. നേത്ര ശസ്ത്രക്രിയ കഴിഞ്ഞ ലത്തീഫ് തിങ്കളാഴ്ച പുലർച്ചെ എറണാകുളത്തെ കണ്ണാശുപത്രിയിൽ ഭാര്യയ്ക്കും മകനുമൊപ്പം പോയിരുന്നു.
മകന്റെ ഭാര്യയും കുഞ്ഞും അവരുടെ വീട്ടിലേക്കും. ചൊവ്വാഴ്ച പുലർച്ച 2.30ന് മടങ്ങിയെത്തിയ ലത്തീഫ് വീടിന്റെ പ്രധാന വാതിൽ താക്കോൽ ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംശയം തോന്നി അടുക്കള ഭാഗത്ത് നോക്കിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. കള്ളന്മാർ ഇതുവഴി അകത്ത് കടന്ന് പ്രധാന വാതിലിന്റെ കുറ്റി അകത്തുനിന്നിട്ടശേഷം മൂന്ന് ബെഡ് റൂമുകളിലെയും അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും കവരുകയായിരുന്നു.
പുലർച്ചെ തന്നെ ഓച്ചിറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. ഇവിടെ നിന്ന് ഇരുന്നൂറ് മീറ്റർ ദൂരത്തുള്ള സൈനികനായ ഓംകാരത്തിൽ ശ്യാംകുമാറിന്റെ വീട്ടിൽ സമാന രീതിയിൽ മോഷണം നടന്നിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളു. ഇവിടെ നിന്ന് 40,000 രൂപയും ഒന്നര പവനും കവർന്നിരുന്നു. ക്ലാപ്പന പുതുതെരുവ് മുസ്ലീം പള്ളിയുടെ പടിഞ്ഞാറുള്ള നവമഠത്തിൽ ഗോപാലകൃഷ്ണന്റെ വീട്ടിലും സമാനരീതിയിൽ മോഷണം നടന്നിട്ട് അധികനാളായിട്ടില്ല. ഇവിടെ നിന്ന് പത്ത് പവനും പതിനായിരം രൂപയുമാണ് കളവ് പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |