അബുദാബി: ഇൻസ്റ്റഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച ദുബായ് രാജകുമാരി വീണ്ടും വിവാഹിതയാകുന്നു. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്റ അൽ മക്തൂമിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. റാപ്പർ ഫ്രഞ്ച് മൊണ്ടാന ആണ് വരൻ. കഴിഞ്ഞ ജൂണിലെ പാരീസ് ഫാഷൻ വീക്കിനിടെയാണ് ദമ്പതികൾ തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കിയതെന്നാണ് വിവരം.
31കാരിയായ മഹ്‌റയും 40കാരനായ മൊണ്ടാനയും കഴിഞ്ഞവർഷമവസാനമാണ് കണ്ടുമുട്ടിയത്. ഇരുവരും ദുബായിൽ ടൂർ നടത്തിയതിന്റെ ദൃശ്യങ്ങൾ രാജകുമാരി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. ശേഷം ഇരുവരെയും പല സ്ഥലങ്ങളിലും ഒരുമിച്ച് കാണുകയും ചെയ്തിരുന്നു. പാരീസ് ഫാഷൻ വീക്കിൽ ഇരുവരും കൈകോർത്ത് നടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
'പ്രിയ ഭർത്താവേ, നിങ്ങൾ മറ്റുള്ളവർക്കൊപ്പം തിരക്കിലായിരിക്കാം. ഞാൻ നമ്മgടെ വിവാഹമോചനം പ്രഖ്യാപിക്കുകയാണ്. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു (മൂന്നു തവണ പറഞ്ഞു) .എന്ന് നിങ്ങളുടെ മുൻ ഭാര്യ" - എന്ന ഇൻസ്റ്റാഗ്രാമിൽ കുറിച്ചാണ് മഹ്‌റ മുൻ ഭർത്താവിൽ നിന്നുള്ള വിവാഹമോചനം പ്രഖ്യാപിച്ചത്. ഷെയ്ഖ് മന ബിൻ അൽ മക്തും ആണ് മഹ്‌റയുടെ മുൻ ഭർത്താവ് 2023 മേയിലായിരുന്നു ഇരുവരുടെയും രാജകീയ വിവാഹം. ഇവർക്ക് ഒരു മകൾ ഉണ്ട്. യുഎഇ ആംഡ് ഫോഴ്സ് നാഷണൽ സർവീസിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മന റിയൽ എസ്റ്റേറ്റ്, ടെക്നോളജി മേഖലകളിലെ നിരവധി സംരംഭങ്ങളിലും പങ്കാളിയാണ്.
അൺഫോർഗെറ്റബിൾ, നോ സ്റ്റൈലിസ്റ്റ് തുടങ്ങിയ വൻ ഹിറ്റുകളിലൂടെ പ്രശസ്തനായ റാപ്പറാണ് ഫ്രഞ്ച് മൊണ്ടാന. കരീം ഖർബൗച്ച് എന്നാണ് യഥാർത്ഥ പേര്. ഉഗാണ്ടയിലും വടക്കേ ആഫ്രിക്കയിലുടനീളവും ആരോഗ്യ സംരക്ഷണ, വിദ്യാഭ്യാസ പദ്ധതികൾക്ക് ധനസഹായം നൽകി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. സംരംഭകയും ഡിസൈനറുമായ നദീൻ ഖർബൗച്ച് ആണ് മുൻഭാര്യ. 16 വയസ്സുള്ള ഒരു മകനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |