ന്യൂഡൽഹി: ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്ന വാദങ്ങൾ തള്ളി സർസംഘ് ചാലക് മോഹൻ ഭാഗവത്. പുതിയ ബി.ജെ.പി അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നതിലെ കാലതാമസത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ തീരുമാനങ്ങളിൽ ഇടപെടാറില്ലെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഞങ്ങളാണ് തീരുമാനം എടുക്കുന്നതെങ്കിൽ ബി.ജെ.പി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഇത്ര വൈകുമോ എന്നും മോഹൻ ഭാഗവത് ചോദിച്ചു. ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള പരിപാടിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ വർഷങ്ങളായി ആർ.എസ്.എസിനെ നയിക്കുന്നു. ബി.ജെ.പിയാണ് സർക്കാരിനെ നയിക്കുന്നത്. അതിനാൽ ഞങ്ങൾക്ക് ഉപദേശം നൽകാൻ മാത്രമേ കഴിയൂ. തീരുമാനമെടുക്കാൻ കഴിയില്ല. ബി,ജെ,പി പുതിയ അദ്ധ്യക്ഷനെ തീരുമാനിക്കാൻ എത്ര സമയം വേണമെങ്കിലും എടുക്കട്ടെ, അതിൽ ആർ.എസ്.എസിന് ഒന്നും പറയാൻ ഇല്ല. കേന്ദ്ര സർക്കാരുമായി മാത്രമല്ല, എല്ലാ സംസ്ഥാന സർക്കാരുകളുമായും നല്ല ബന്ധമാണ്. വിവിധ പരിവാർ സംഘടനകൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും ഒരേ അഭിപ്രായം ആവണമെന്ന് പറയാനാവില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
വിവിധ കാര്യങ്ങളിൽ സംഘത്തിന് നിർദ്ദേശങ്ങൾ നൽകാൻ കഴിയും, പക്ഷേ തീരുമാനം എല്ലായ്പ്പോഴും ബി.ജെ.പിയുടേതാണ്," അദ്ദേഹം കൂട്ടിച്ചേർത്തു, സംഘടന ഭരണത്തിലോ രാഷ്ട്രീയ നിയമനങ്ങളിലോ ഇടപെടുന്നില്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |