കല്ലമ്പലം: യഥേഷ്ടം സഞ്ചാരികൾ വന്നുപോകുന്ന പള്ളിക്കലിലെ വല്ലഭൻകുന്നിൽ വിനോദസഞ്ചാരത്തിന്റെ അനന്ദ സാദ്ധ്യതകളുമായി ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ്. ഇത്തിക്കരയാർ ചുറ്റിയൊഴുകുന്ന കുന്നിന്റെ പ്രകൃതി മനോഹാരിതയുൾക്കൊണ്ട് വികസിപ്പിച്ചാൽ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമാക്കി വല്ലഭൻകുന്നിനെ മാറ്റാം.
20 ഏക്കറോളം സ്ഥലമാണ് ഇവിടെ റവന്യു വകുപ്പിനുള്ളത്. അതേസമയം കുന്നിൽ അവശേഷിക്കുന്ന പാറപൊട്ടിക്കാൻ ലക്ഷ്യമിടുന്നതായും പരാതിയുണ്ട്. ഇതിനെതിരെ നാട്ടുകാരും കർമസമിതി രൂപവത്കരിച്ച് രംഗത്തെത്തിയിട്ടുണ്ട്. പാറ ക്വാറി തുടങ്ങാൻ അനുമതിതേടി ചിലർ പഞ്ചായത്തിനെ സമീപിച്ചിരുന്നു. എന്നാൽ, കോടതിക്കേസും സാങ്കേതിക തടസങ്ങളും കാരണം അനുമതി തള്ളുകയായിരുന്നു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഈ സ്ഥലം വികസിപ്പിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ടൂറിസം വകുപ്പിനെയും വി. ജോയി എം.എൽ.എയെയും സമീപിച്ചിരുന്നു. എന്നാൽ, ഇതുവരെ അനുകൂല നടപടികളുണ്ടായിട്ടില്ല.
അസൗകര്യങ്ങളും
ഇപ്പോഴും നിരവധി പ്രാദേശിക സഞ്ചാരികൾ വല്ലഭൻ കുന്നിലെത്തുന്നുണ്ട്. എന്നാൽ ഇവർക്ക് ഇരിക്കാൻ പോലുമുള്ള സൗകര്യമില്ല. മറ്റ് പ്രാഥമിക സൗകര്യങ്ങൾക്കുള്ള സംവിധാനവുമില്ല. സന്ദർശകർക്കുള്ള പ്രാഥമിക സൗകര്യങ്ങളെങ്കിലും ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പത്തുവർഷം മുമ്പ് ഇവിടെ പാറ ഖനനങ്ങൾ നടന്നിരുന്നെങ്കിലും ജനവാസകേന്ദ്രമായ ഇവിടെ പാറ ഖനനം അനുവദിക്കാനാവില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
തണുത്ത കാറ്റും പ്രകൃതിഭംഗിയും
പകൽപോലും സന്ദർശകർക്ക് ചെന്നിരിക്കാവുന്ന തണുത്ത കാറ്റുള്ള ഭൂപ്രകൃതിയാണ് വല്ലഭൻ കുന്നിലേത്. കുന്നിനെ ചുറ്റിയാണ് ഇത്തിക്കരയാറൊഴുകുന്നത്. സന്ദർശകർക്ക് വലിയ ആയാസമില്ലാതെ കുന്നിൻമുകളിലേക്കെത്താം. പാറയും മണ്ണും ഇടകലർന്ന കുന്ന് കുറ്റിക്കാടുകളും ചേർന്നതാണ്. ഗ്രാമീണ മേഖലകളിൽ ഇപ്പോൾ നടപ്പാക്കുന്നതുപോലെ പൊതു - സ്വകാര്യ സംരംഭമെന്ന നിലയിൽ തീം പാർക്ക് വരെ ഒരുക്കാനുള്ള സൗകര്യമുള്ളതാണ് പ്രദേശം.
പദ്ധതികൾ അനവധി
ഇത്തിക്കരയാറിൽ ജലവിനോദവും പാറ കേന്ദ്രീകരിച്ച് തീം പാർക്കുകളിലെ റൈഡുകളും ഒരുക്കാം.
സാഹസിക വിനോദസഞ്ചാരത്തിനും ഏറെ സാദ്ധ്യത
കുട്ടികളുടെ പാർക്ക്, കച്ചവടകേന്ദ്രങ്ങൾ, സന്ദർശകരുടെ വിശ്രമ കേന്ദ്രങ്ങൾ
കാഴ്ചകൾ ഏറെ മനോഹരം
സഹ്യപർവതനിരകളും കടലും കാണാൻ കഴിയുന്ന തരത്തിൽ മനോഹരമാണ് കുന്നിന്റെ മുകളിൽ നിന്നുള്ള കാഴ്ചകൾ. ഇവിടെ നിന്നുള്ള ഉദയാസ്തമയ കാഴ്ചകളും മനോഹരമാണ്. ഇവിടം ടൂറിസം മേഖലയായി വളർന്നാൽ പള്ളിക്കലിലെ വികസനത്തിന് വല്ലഭൻകുന്നിന് മുഖ്യ പങ്ക് വഹിക്കാനാകും. ജോലി സാദ്ധ്യതകളും ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |