@ ഗതാഗതം പൂർണമായും നിരോധിച്ചു
ലക്കിടി: താമരശ്ശേരി ചുരത്തിൽ ഇന്നലെയും കനത്ത മഴയും മണ്ണിടിച്ചിലും. ശക്തമായ കോടയിൽ ഒമ്പതാം വളവിലെ റോഡിലേക്ക് വീണ മണ്ണും പാറയും മരങ്ങളും നീക്കൽ ദുഷ്ക്കരമായിരിക്കുകയാണ്. ചുരം റോഡിലൂടെ മലവെളളത്തിന്റെ കുത്തൊഴുക്കായിരുന്നു ഇന്നലെ കണ്ടത്. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് മുകളിൽ നിന്നാണ് ഇന്നലെയും വൻ തോതിൽ പല തവണയായി മണ്ണിടിച്ചിൽ ഉണ്ടായത്. മുകളിൽ നിന്ന് പാറക്കഷ്ണങ്ങളും മരങ്ങളും മണ്ണുമെല്ലാം ചേർന്ന് ചുരം റോഡിലേക്ക് ആഞ്ഞു പതിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം രാത്രി ഗതാഗതത്തിനായി താത്ക്കാലികമായി തുറന്ന റോഡ് രാവിലെയോടെ പൂർണമായും അടച്ചു. വയനാടിന്റെ കവാടത്തിൽ പൊലീസ് വടം കെട്ടിയാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്. ചുരം വഴി ഗതാഗതം നിരോധിച്ചതോടെ ലക്കിടിയിലും അടിവാരത്തുമായി നൂറ് കണക്കിന് വാഹനങ്ങളാണ് കാത്ത് നിൽക്കുന്നത്. ഏറെയും ലോഡുമായുളള വാഹനങ്ങൾ. മണ്ണിടിച്ചിൽ ഭാഗത്ത് നിന്ന് മുഴുവൻ പേരെയും അധികൃതർ മാറ്റി. പരസ്പരം കാണാൻ കഴിയാത്ത വിധം കോട പ്രദേശത്തെ മൂടിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചുരം റോഡിൽ വന്നടിഞ്ഞ കൂറ്റൻ മരങ്ങളും പാറക്കെട്ടുകളും മണ്ണും ഏറെ പണിപ്പെട്ട് മാറ്റിയ ശേഷമാണ് ചുരം റോഡ് ഭാഗികമായെങ്കിലും ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. ഇവിടേക്കാണ് ഇന്നലെ കാലത്ത് മുതൽ പലപ്പോഴായി മണ്ണും പാറക്കഷ്ണങ്ങളും മരങ്ങളുമെല്ലാം പതിച്ച് കൊണ്ടിരിക്കുന്നത്. മഴ ശമിക്കാതെ രക്ഷാ പ്രവർത്തനം സാദ്ധ്യവുമല്ലെന്ന അവസ്ഥയാണ്. ഡ്രോൺ ഉപയോഗിച്ച് കഴിഞ്ഞ ദിവസം മലമുകളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ അതിന്റെ തീവ്രത മനസിലാക്കാൻ കഴിഞ്ഞില്ല. മഴ മാറിയെങ്കിൽ മാത്രമെ മണ്ണിടിച്ചലിന്റെ വ്യാപ്തി എത്രയെന്ന് അറിയാൻ കഴിയൂ. മഴ ശക്തമായി അനുഭവപ്പെട്ടതോടെ പാറക്കെട്ടുകളും മണ്ണും മരങ്ങളുമെല്ലാം റോഡിലേക്ക് പതിക്കുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ചുരം റോഡിലൂടെ മെഡിക്കൽ കോളേജിലേക്കും മറ്റും പോകുന്ന ആംബുലൻസുകൾ കടത്തി വിടുന്നുണ്ട്. പ്രധാന ചുരംപാത അടഞ്ഞതോടെ വയനാട് ഏതാണ്ട് ഒറ്റപ്പെട്ട നിലയിലുമായി. വാഹനങ്ങൾ കടത്തി വിടുന്ന കുറ്റ്യാടി ചുരം റോഡിലാകട്ടെ ശക്തമായ ഗതാഗത കുരുക്കാണ്.
ചുരത്തിലെ മണ്ണിടിച്ചിൽ:
കളക്ടറോട് വിവരം തേടി പ്രിയങ്ക
കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തെകുറിച്ച് പ്രിയങ്ക ഗാന്ധി എം.പി വയനാട് ജില്ലാ കളക്ടറോട് വിവരങ്ങൾ തേടി. സാദ്ധ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അതിവേഗം പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായും കളക്ടർ പ്രിയങ്ക ഗാന്ധി എം.പിയെ അറിയിച്ചു.
'താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വൈകാതെ ഇടപെടൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ചുരം റോഡിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്താൻ കോഴിക്കോട് ജില്ലാ ഭരണകൂടത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട് '. കെ.റഫീഖ് സി.പി.എം ജില്ലാ സെക്രട്ടറി.
'താമരശ്ശേരി ചുരത്തിലെ യാത്ര പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ചുരത്തിൽ തുടർച്ചയായി മണ്ണിടിയുന്നത് വലിയ ദുരിതമാകുന്നുണ്ട്. വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെട്ടവർ കുടുങ്ങിക്കിടക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെ ഫോണിൽ ധരിപ്പിച്ചു. കോഴിക്കോട് ജില്ലാ കളക്ടറോട് വിഷയത്തിൽ ഇടപെടാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്'. സി.കെ ശശീന്ദ്രൻ, മുൻ എം.എൽ.എ
കോഴിക്കോട് ജില്ലാ കളക്ടർ
തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം
പി.ഇല്ല്യാസ്
വൈത്തിരി : താമരശ്ശേരി ചുരത്തിൽ തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടായിട്ടും തിരിഞ്ഞുനോക്കാൻ കോഴിക്കോട് ജില്ലാ കളക്ടർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. ചുരം പൂർണമായും കോഴിക്കോടിന്റെ ഭാഗമായിട്ടും ഗതാഗതം പുനസ്ഥാപിക്കുന്നതിന് യാതൊരുവിധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്നാണ് പരാതി.
ഇക്കാര്യം ജില്ലയിലെ വിവിധ നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കോഴിക്കോട് ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കാൻ തയ്യാറായിട്ടില്ല. താമരശ്ശേരി വനമേഖലയിൽ ഉൾപ്പെടുന്നതാണ് താമരശ്ശേരി ചുരം. ലക്കിടിയിലെ പ്രവേശന കവാടം കഴിഞ്ഞാൽ താമരശ്ശേരിയുടെ ഭാഗമാണ്. പുതുപ്പാടി പഞ്ചായത്ത് പരിധിയിലാണ് താമരശ്ശേരി ചുരം.പൊലീസ് സ്റ്റേഷനും താമരശ്ശേരിയാണ്. വയനാടിന് ഒരു അധികാരവും ചുരത്തിന്റെ കാര്യത്തിലില്ല. ജില്ലാ കളക്ടർക്കുപോലും പരിമിതമായ അധികാരം മാത്രമാണ് ഉള്ളത്. ചുരത്തിൽ അപകടങ്ങൾ ഉൾപ്പെടെ ഉണ്ടാകുമ്പോൾ ആദ്യം ഓടിയെത്തുന്നത് വയനാട് ജില്ലാ ഭരണകൂടവും പൊലീസ് സംവിധാനവുമാണ്.
ചുരത്തിന്റെ നിയന്ത്രണാവകാശം ഇനിയെങ്കിലും വയനാടിന് നൽകാൻ സംവിധാനം ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. കോഴിക്കോട് നിന്ന് ഇന്നലെ വൈകിട്ടോടെ ഡെപ്യൂട്ടി കളക്ടർ സ്ഥലം സന്ദർശിച്ചത് ഒഴിച്ചാൽ ഉയർന്ന ഉദ്യോഗസ്ഥർ ആരും എത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് അപകട സാദ്ധ്യത ഒഴിവാക്കാനായി ഗാബിയോൺ മാതൃകയിൽ സംരക്ഷണവേലി നിർമ്മിക്കാനാണ് ആലോചിക്കുന്നത്. ലക്ഷങ്ങൾ ഇതിനായി ചെലവാകും. താമരശ്ശേരി ചുരത്തിൽ അധികാരം ഇല്ലാത്തതിനാൽ വയനാട് ജില്ലാ ഭരണകൂടത്തിന് ഇവിടെ പണം ചെലവഴിക്കാൻ നിയമപരമായി കഴിയില്ല.
പ്രതിഷേധാർഹം:
ടി.സിദ്ദിഖ്
എം.എൽ.എ
വൈത്തിരി : താമരശ്ശേരി ചുരത്തിൽ തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടാവുകയും ഗതാഗതം പൂർണമായും തടസപ്പെടുകയും ചെയ്തിട്ടും കോഴിക്കോട് ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ടി സിദ്ദിഖ് എം.എൽ.എ. കോഴിക്കോടിന്റെ പരിധിയിലാണ് താമരശ്ശേരി ചുരം. എന്നാൽ ആ ഉത്തരവാദിത്വം കോഴിക്കോട് ജില്ലാ ഭരണകൂടം കാണിച്ചില്ല. മണ്ണിടിച്ചിലിനെ തുടർന്ന് വയനാട് പൂർണമായും ഒറ്റപ്പെട്ടിട്ടും തിരിഞ്ഞുനോക്കാൻ തയ്യാറാകാത്ത സമീപനം ശരിയല്ല. മണ്ണ് നീക്കം ചെയ്യാനും ഗതാഗതം പുനസ്ഥാപിക്കാനും ശക്തമായ ഇടപെടൽ അനിവാര്യമാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ചുരത്തിൽ അപകടസാദ്ധ്യത നിലനിൽക്കുന്നുണ്ട്.ഗാബിയോൺ മാതൃകയിൽ വല കെട്ടി സംരക്ഷിക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |