തിരുവനന്തപുരം : സംസ്ഥാനത്ത് വളർത്തുനായ്ക്കളെ തെരുവിൽ തള്ളുന്നത് തടയാൻ കർശന നടപടികളോടെ നിയമ നിർമ്മാണം വരും. പിഴ ചുമത്താവുള്ള കുറ്റമാക്കി ഇതിനെ മാറ്റും. തദ്ദേശ വകുപ്പ് പ്രായോഗിക മാർഗങ്ങൾ ഉൾകൊള്ളിച്ച് കരട് തയ്യാറാക്കി നിയമ വകുപ്പിന് നൽകും.വരുന്ന നിയമസഭാ സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവന്നേക്കും.
വീടുകൾക്ക് പുറമേ വലിയ ഫാമുകളിൽ ഉൾപ്പെടെ നായ്ക്കളെ വളർത്തുന്നുണ്ട്. ഫാമുകളിൽ മാലിന്യം ഉൾപ്പെടെ ഭക്ഷിച്ചാണ് ഇവ വളരുന്നത്. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ ഇവയെ തെരുവിലേക്ക് തള്ളിവിടുന്നതായി പരിശോധനയിൽ കണ്ടെത്തി.
ഒരു ഭാഗത്ത് വന്ധ്യംകരണം നടക്കുമ്പോഴും തെരുവ് നായ്ക്കൽ വൻതോതിൽ പെരുകുന്നതിന് കാരണമിതാണ്..
വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കാനും വർഷം തോറും പുതുക്കുന്ന വ്യവസ്ഥ കൊണ്ടുവരാനുമാണ് ആലോചന. നിലവിൽ തെരുവ്നായ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേന്ദ്രനിയമപ്രകാരം നായ്ക്കളെ കൊല്ലാൻ സാദ്ധ്യമല്ല. എ.ബി.സി നിയമത്തിനുള്ളിൽ നിന്ന് തെരുവ്നായ്ക്കളെ നിയന്ത്രിക്കൽ മാത്രമേ സംസ്ഥാനങ്ങൾക്ക് സാദ്ധ്യമാകൂ. നേരത്തെ മഹാരാഷ്ട്ര സർക്കാർ തെരുവ്നായയെ കൊല്ലാനുള്ള അനുമതി മുനിസിപ്പൽ നിയമത്തിന്റെ ഭാഗമാക്കിയെങ്കിലും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കൊല്ലാനുള്ള വഴികളൊന്നും മുന്നിലില്ലാത്ത സാഹചര്യത്തിലാണ് തെരുവ്‌നായ്ക്കളുടെ ഉറവിട നിയന്ത്രണത്തിലേക്ക് തിരിയുന്നത്.
പേവിഷബാധയല്ല, അപകടകാരികൾ
പേവിഷ ബാധയേറ്റ നായകളെ ദയാവധത്തിന് വിധേയമാക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും അത് ഹൈക്കോടതി സ്റ്റേ ചെയ്തു. പേവിഷ ബാധ എന്നതിന് പകരം ജീവന് ഭീഷണിയായ അപകടകാരികളായ നായ്ക്കളെ കൊല്ലാനുള്ള വഴിതേടാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. പേവിഷബാധ സ്ഥിരീകരിക്കുന്നതിനും കടമ്പകളേറെയാണ്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് അപകടാരികളെ കൊല്ലാനുള്ള വഴിതേടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |