തിരുവനന്തപുരം: റവന്യുവകുപ്പിനെ അഴിയാക്കുരുക്കിലാക്കി, അനുദിനം വളർന്നുകൊണ്ടിരുന്ന പ്രതിസന്ധിയാണ് ഭൂമി തരംമാറ്റം. കുമിഞ്ഞുകൂടിയ ലക്ഷക്കണക്കിന് അപേക്ഷകളുടെ കല്ലുംനെല്ലും തിരിക്കാൻ അത്യദ്ധ്വാനം ചെയ്യുകയാണെങ്കിലും ഇപ്പോഴും വഞ്ചി തിരുനക്കര തന്നെ.
'എന്റെ അപേക്ഷ എപ്പോൾ പരിഹരിക്കും സാറെ" എന്ന ചോദ്യവുമായി താലൂക്ക് ഓഫീസ് കയറിയിറങ്ങുന്ന സാധാരണക്കാരന് അറിയില്ലല്ലോ, സർക്കാരാപ്പീസിലെ നൂലാമാലകൾ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടി വന്നാൽ റവന്യു ജീവനക്കാർക്കാവും ഏറ്റവുമധികം ജോലിഭാരം. അതോടെ തരംമാറ്റ കുരുക്ക് വീണ്ടും മുറുകും.
കൂരകെട്ടാൻ സ്വന്തം സ്ഥലം പരിവർത്തനപ്പെടുത്തിക്കിട്ടാൻ അപേക്ഷയും നൽകി മഴകാക്കുന്ന വേഴാമ്പലിനെപ്പോലെ കഴിയുന്ന ജനങ്ങളാണ് വലയുന്നത്. പല തട്ടുകളായി റവന്യുവകുപ്പ് പലവിധ നടപടികളും അദാലത്തുമെല്ലാം സംഘടിപ്പിച്ചു. തീർപ്പാക്കലിന് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. എന്നിട്ടും ഫലം കാണുന്നില്ല. പ്രതിദിനം വരുന്ന അപേക്ഷകളുടെ എണ്ണക്കൂടുതലാണ് പ്രധാന വെല്ലുവിളി. നിത്യേന 400നും 500നുമിടയ്ക്ക് അപേക്ഷകളാണ് ലഭിക്കുന്നത്. ഓൺലൈൻ സംവിധാനമായതിനാൽ ആർക്കും ഏതു സമയത്തും അപേക്ഷിക്കാം. എന്നാൽ ഓഫീസ് സമയത്തു മാത്രമാണ് തീർപ്പാക്കൽ ജോലികൾ നടക്കുന്നത്. 2017 മുതലാണ് തരംമാറ്റം തുടങ്ങിയത്. റവന്യുവകുപ്പിന്റെ പതിവ് ജോലികൾക്ക് പുറമെയാണ് തരംമാറ്റജോലികളും. തുടക്കത്തിൽ ജീവനക്കാരുടെ എണ്ണം കൂടിയുമില്ല. 25 സെന്റ് വരെ തരംമാറ്റം സൗജന്യമാക്കിയതോടെയാണ് അപേക്ഷകളുടെ കുത്തൊഴുക്ക് തുടങ്ങിയത്.
പ്രതിസന്ധി ചൂണ്ടിക്കാട്ടിയത് കേരളകൗമുദി
തരംമാറ്റത്തിനുള്ള ഒന്നലക്ഷത്തിലേറെ കടലാസ് അപേക്ഷകൾ കെട്ടിക്കിടക്കുന്ന കാര്യം 2022 മാർച്ചിൽ കേരളകൗമുദിയാണ് ആദ്യമായി ചൂണ്ടിക്കാട്ടിയത്. വാർത്ത വന്നതോടെ റവന്യുമന്ത്രി കെ.രാജൻ വിഷയത്തിലിടപെട്ടു. യുദ്ധകാല അടിസ്ഥാനത്തിൽ അപേക്ഷകൾ തീർപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കി. മാത്രമല്ല, 2023 ജനുവരി മുതൽ അപേക്ഷകൾ ഓൺലൈനാക്കാനും തീരുമാനിച്ചു. ഇതിനായി ജില്ലകളിൽ 972 താത്കാലിക ജീവനക്കാരെ എംപ്ളോയ്മെന്റ് എക്സേഞ്ചു മുഖേന നിയമിച്ചു. 300 ഓളം വാഹനങ്ങളും വാടകയ്ക്ക് എടുക്കാൻ അനുമതി നൽകി.
ഭൂമി തരംമാറ്റത്തിന് കിട്ടിയ അപേക്ഷകൾ
6,39,235
തീർപ്പാക്കാനായ
3,70,769
തീർപ്പാക്കേണ്ടത്
2,68,466
(ആഗസ്റ്ര് 24 വരെയുള്ള കണക്ക്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |