ജി.ഡി.പി വളർച്ചയും ജി.എസ്.ടി ഇളവും ആവേശമാകും
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ മൊത്തം ആഭ്യന്തര ഉത്പാദനം(ജി.ഡി.പി) പ്രതീക്ഷിച്ചതിലും മികച്ച വളർച്ച നേടിയതും ഈ ആഴ്ച നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗ തീരുമാനവും രാജ്യത്തെ ഓഹരി നിക്ഷേപകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കഴിഞ്ഞ വാരത്തിൽ ഡൊണാൾഡ് ട്രംപിന്റെ പിഴത്തീരുവയുടെ ആശങ്ക ഓഹരി വിപണിക്ക് കനത്ത തിരിച്ചടി സൃഷ്‌ടിച്ചിരുന്നു. മൂന്ന് ദിവസത്തിനിടെ സെൻസെക്സിൽ 1,200 പോയിന്റ് തകർച്ചയാണുണ്ടായത്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ അമേരിക്ക ഈടാക്കി തുടങ്ങിയതോടെ രാജ്യത്തെ കയറ്റുമതി മേഖല മുൾമുനയിലാണ് നീങ്ങുന്നത്.
കയറ്റുമതിയിലെ തിരിച്ചടി നേരിടാൻ ആഭ്യന്തര വിപണിക്ക് ഉണർവ് പകരാൻ കേന്ദ്ര സർക്കാർ വിപുലമായ നടപടികൾ സ്വീകരിക്കുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. സെപ്തംബർ മൂന്നു മുതൽ നാല് വരെ നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ അവശ്യ സാധനങ്ങളുടെ വില ഗണ്യമായി കുറയ്ക്കാൻ തീരുമാനമുണ്ടായേക്കും.
പ്രതീക്ഷകൾ
1. ചരക്കുസേവന നികുതി കുറയ്ക്കുന്നതോടെ ആഭ്യന്തര ഉപഭോഗം ഗണ്യമായി മെച്ചപ്പെട്ടേക്കും
2. യു.എസിലെ അധിക തീരുവയിൽ തിരിച്ചടി നേരിട്ടാലും സാമ്പത്തിക മേഖല കുതിപ്പ് തുടരും
3. ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മ ശക്തമാകുന്നതിനാൽ ഇന്ത്യൻ കമ്പനികൾക്ക് അവസരം കൂടുന്നു
4.സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാൻ കേന്ദ്ര സർക്കാർ മൂലധന നിക്ഷേപം ഉയർത്തിയേക്കും
കരുതലോടെ കാത്തിരിക്കുന്നത്
അമേരിക്കൻ ഫെഡറൽ റിസർവ് തീരുമാനം
ജി.എസ്.ടി കൗൺസിൽ യോഗം
വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപ ഒഴുക്ക്
അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |