തിരൂർ : തൃക്കണ്ടിയൂർ ക്ഷേത്രക്കുളത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തുന്നു. ക്ഷേത്രക്കുളത്തിൽ ഇറങ്ങുന്നതും കുളിക്കുന്നതും തിരൂർ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വകുപ്പ് താത്കാലികമായി നിറുത്തി വച്ചു ഉത്തരവിറക്കി. ക്ഷേത്രക്കുളത്തിലെ വെള്ളം ജല അതോറിറ്റി ലാബിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൂന്നാം തീയതി പരിശോധനാ ഫലം വന്ന ശേഷമേ കുളം ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കാവൂ. തിലോപ്പിയെന്ന മീനാണ് ഒരാഴ്ചക്കാലമായി ചത്തുപൊന്തുന്നത്. മൂന്നേക്കറോളം വീതി വരുന്നതാണ് കുളം. മറ്റു തരത്തിലുള്ള നിരവധി മത്സ്യങ്ങളുമുണ്ടെങ്കിലും അവയൊന്നും ചത്തുപൊന്തുന്നില്ല. ദിവസവും രണ്ട് കൊട്ടയോളം ചത്ത മത്സ്യങ്ങളെയാണ് കുളത്തിൽ നിന്നും നീക്കം ചെയ്യുന്നത്. പരിസര വാസികൾ അറിയിച്ചതിനെ തുടർന്ന് വാർഡ് കൗൺസിലറായ നിർമ്മല കുട്ടികൃഷ്ണൻ നഗരസഭ കൗൺസിൽ യോഗത്തിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു. തുടർന്നാണ് ചെയർപേഴ്സൺ എ.പി. നസീമ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയത്. കടവുകളിൽ ഇത് സംബന്ധിച്ച് നിർദ്ദേശം അടങ്ങിയ നോട്ടീസ് പതിച്ചിട്ടുണ്ട്. സമീപത്തെ നൂറ് കണക്കിന് ആളുകൾ കുളിക്കുവാനുപയോഗിക്കുന്ന കുളമാണിത്. പരിസരത്തെ കിണറുകളുടെ സ്രോതസുകൂടിയാണ് ഈ കുളം. മത്സ്യം ചത്ത് പൊന്തുന്നത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |