തൃശൂർ : ഓണക്കാല ആഘോഷങ്ങളുടെ രാപ്പകലുകൾ. ഓരോ മുക്കിലും മൂലയിലും ആഘോഷങ്ങളുടെ തിമിർപ്പ്. സർക്കാർതല ഓണാഘോഷങ്ങൾക്ക് പുറമേ പരമ്പരാഗത കൈകൊട്ടിക്കളികളും കുമ്മാട്ടികളും. രണ്ട് വർഷമായി ട്രെൻഡായി മാറിയ വീരനാട്യവും ആഘോഷത്തിന് മാറ്റുകൂട്ടുന്നു. സർക്കാർ തല ആഘോഷങ്ങൾ ഉത്രാടനാളിൽ തുടങ്ങി പുലിക്കളിയോടെയാണ് സമാപിക്കുക. അതിനിടയിൽ കുമ്മാട്ടികളും ജലോത്സവങ്ങളും കാണികളെ ആവേശത്തിലാറാടിക്കും. വാഴാനി, പീച്ചി എന്നിവിടങ്ങളിലും ആഘോഷങ്ങളുണ്ട്.
ഓണക്കാലം കുമ്മാട്ടിക്കാലം കൂടിയാണ്. പർപ്പടകപ്പുല്ല് ദേഹത്ത് കെട്ടി പൊയ്മുഖമണിഞ്ഞ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുമ്മാട്ടികൾ ഓണക്കാലത്ത് ദേശങ്ങൾ ചുറ്റിയടിക്കും. കേരളത്തിലെ ഏറ്റവും പഴക്കമേറിയ കുമ്മാട്ടിയാണ് കിഴക്കുംപാട്ടുകരയിലേത്. തെക്കുംമുറി, വടക്കുംമുറി കുമ്മാട്ടി രണ്ടോണ നാളിലും മൂന്നോണ നാളിലും ഊര് ചുറ്റാനിറങ്ങും.
ശതാഭിഷേക നിറവിലാണ് തെക്കുംമുറി കുമ്മാട്ടി മുഖങ്ങൾ. ശരീരം മുഴുവൻ പർപ്പടകപ്പുല്ലു കെട്ടി, കഴുത്തിൽ പൂമാലയണിഞ്ഞ്, മരത്തടിയിൽ കൊത്തിയെടുത്ത പൊയ്മുഖവും ധരിച്ച്, വാദ്യമേളങ്ങൾക്കൊപ്പം ചുവടുവയ്ക്കുന്ന കുമ്മാട്ടികൾ നാടിന്റെ ആവേശമാണ്. 'തള്ള' മുഖമാണ് പ്രധാന വേഷം. കിരാതമൂർത്തി (കാട്ടാളൻ), ഹനുമാൻ, പാർവതി, ഗണപതി, ഭീമൻ, ശ്രീകൃഷ്ണൻ, ഗരുഡൻ തുടങ്ങി അമ്പതിലേറെ മുഖങ്ങളാണ് ഉണ്ടാവുക. വടക്കുംമുറി കുമ്മാട്ടിക്കും പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്.
ചരിത്രത്തിലിടം നേടിയ കണ്ടശാംകടവിൽ
ഓണനാളുകളിൽ കാണികളെ ആവേശഭരിതമാക്കുന്ന ഒന്നാണ് ജലോത്സവങ്ങൾ. ഓളപ്പരപ്പുകളെ കീറിമുറിച്ച് പായുന്ന ഇരുട്ടുകുത്തികളും ചുണ്ടൻ വള്ളങ്ങളും ചുരുളൻ വള്ളങ്ങളും കാണാൻ ഇരുകരകളിലും തിങ്ങി നിറയുന്ന ആയിരങ്ങൾ ആവേശമാണ്. ഓണനാളിൽ ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് ജലോത്സവങ്ങളാണ് തൃപ്രയാർ ക്ഷേത്രത്തിന് മുന്നിൽ തിരുവോണ നാളിലും രണ്ടോണ ദിവസം കണ്ടശാംകടവിലും അരങ്ങേറുന്ന ജലോത്സവങ്ങൾ. 1956ൽ കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് രണ്ട് ചുരുളൻ വള്ളങ്ങളുടെ മത്സരത്തോട് കൂടിയാണ് കണ്ടശ്ശാംകടവ് ജലോത്സവത്തിന് തുടക്കം കുറിച്ചത്. 1982ൽ കണ്ടശ്ശാംകടവ് ജലോത്സവം ടൂറിസം മാപ്പിൽ സ്ഥാനം പിടിച്ചു. ഇന്ത്യൻ നാവിക സേനയുടെ ഹെലികോ്ര്രപറിലുള്ള സാഹസികപ്രകടനം ഉൾപ്പെടെ വിവിധ പരിപാടികളോടെ നടന്നിരുന്ന ഈ ജലോത്സവം 2011ൽ കേരള സർക്കാർ ചീഫ് മിനിസ്റ്റേഴ്‌സ് എവർറോളിംഗ് ട്രോഫിയായി അംഗീകരിച്ചു. കേരളത്തിൽ മുഖ്യമന്ത്രിയുടെ പേരിൽ അറിയപ്പെടുന്ന ഏക ജലോത്സവമാണ് കണ്ടശ്ശാങ്കടവിലേത്.
പുലിമടകളിലും ഒരുക്കം സജീവം
തൃശൂരിലെ ഓണാഘോഷത്തിന്റെ കൊട്ടിക്കലാശമെന്ന് അറിയപ്പെടുന്ന പുലിക്കളിക്ക് മടകളിൽ ഒരുക്കം സജീവമായി. അയ്യന്തോൾ ദേശം, കുട്ടംകുളങ്ങര ദേശം, സീതാറാം മിൽ, ചക്കാമുക്ക്, നായ്ക്കനാൽ ദേശം, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങര ദേശം, വെളിയന്നൂർ ദേശം എന്നീ എട്ടു ടീമുകളാണ് ഇത്തവണ പുലികളിക്കുള്ളത്. പുലിക്കളി സംഘങ്ങൾക്കുള്ള ആദ്യഘട്ട സഹായങ്ങൾ കോർപ്പറേഷൻ കൈമാറിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |