മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മേജർ രവി സംവിധാനം ചെയ്ത കീർത്തി ചക്ര. ഇന്ത്യൻ സൈന്യത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ചിത്രം ബോക്‌സോഫീസിൽ വലിയ ഹിറ്റായിരുന്നു. ഇതിനുശേഷം മോഹൻലാൽ-മേജർ രവി കൂട്ടുകെട്ടിൽ ഒരുപാട് ചിത്രങ്ങൾ വന്നു. എന്നാൽ ഇപ്പോഴിതാ കീർത്തിചക്രയിൽ മോഹൻലാലിന് പകരം നായകനായി ആദ്യം തീരുമാനിച്ചത് ബിജു മേനോനെയായിരുന്നു എന്ന് പറയുകയാണ് മേജർ രവി. പിന്നീട് എന്തുകൊണ്ടാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം പറയുന്നുണ്ട്.
മേജർ രവിയുടെ വാക്കുകളിലേക്ക്
'2000ത്തിന്റെ തുടക്കം മുതൽ ഞാൻ കീർത്തിചക്രയുടെ കഥയുമായി നടക്കുന്നുണ്ട്. അന്ന് ബിജു മേനോനെ നായകനാക്കി തുടങ്ങാനിരുന്നതാണ്. കഥ പറഞ്ഞപ്പോൾ ബിജു മേനോന് ഇഷ്ടപ്പെട്ടു. അന്ന് ബിജു അമേരിക്കയിൽ നിന്ന് ഒരു പ്രൊഡ്യൂസറെ കൊണ്ടുവന്നു. ഇവർ താജിലിരുന്ന് എന്നെ കഥ കേൾക്കാൻ വിളിച്ചു. അവിടെ മൂന്ന് നാല് പേര് ഇരിപ്പുണ്ടായിരുന്നു. ബെഡിൽ ചീട്ട് വച്ചിട്ടുണ്ട്. ബിജു ചെല്ലുന്നു, ഒരു പതിനായിരത്തിന്റെ കെട്ട് എടുത്ത് കയ്യിൽ കൊടുക്കുന്നു.
കീർത്തിചക്രയുടെ തിരക്കഥയുമായി ഞാൻ ഒരു മൂലയിൽ ഇരിക്കുന്നുണ്ട്. ഞാൻ കഥ പറയുമ്പോൾ, അവർ കളിയിൽ മുഴുകിയിരിക്കുകയാണ്. അഞ്ച് മിനിറ്റ് കഥ പറഞ്ഞു കാണും ഞാൻ. കഥ മടക്കിവച്ചിട്ട് ഞാൻ അവിടെ നിന്നിറങ്ങി. എന്നിട്ട് ബിജുവിനോട് ഞാൻ പറഞ്ഞു, അവൻമാർ പടവും ചെയ്യില്ല ഒന്നും ചെയ്യില്ല. നിന്നെ ചീട്ട് കളിക്കാൻ വേണ്ടി കൂട്ട് വിളിച്ചിരിക്കുവാ. ഞാൻ പോകുവാണെന്ന് പറഞ്ഞു. ബിജു പറയാൻ ശ്രമിച്ചപ്പോൾ മിണ്ടിപ്പോകരുതെന്ന് ഞാൻ പറഞ്ഞു. രണ്ട് കൊല്ലത്തോളം സ്‌ക്രിപ്റ്റ് വെറുതെ കിടന്നു. അങ്ങനെ മോഹൻലാലിനോട് പറയാം എന്ന് തോന്നി. ഒരു ദിവസം സ്‌ക്രിപ്റ്റ് പൊടിതട്ടിയെടുത്ത് കഥ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |