കോന്നി : കക്കാട്ടാറിന്റെ നെട്ടായത്തിൽ ആവേശത്തുഴയെറിയുന്ന കയാക്കിംഗ് ഫെസ്റ്റ് ഇന്ന് നടക്കും. കോന്നി കരിയാട്ടത്തിന്റെ ഭാഗമായാണ് കക്കാട്ടാർ ഒഴുകുന്ന സീതത്തോട് വേദിയാകുന്നത്. ഇന്ന് രാവിലെ പത്തിന് ടൂറിസം മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി മത്സരം ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫ്ളാഗ് ഓഫ് ചെയ്യും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള 30 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക.
സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരളാ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയാണ് മത്സരത്തിന് നേതൃത്വം നല്കുന്നത്. കേരളാ കയാക്കിംഗ് ആൻഡ് കനായിംഗ് അസോസിയേഷൻ മത്സരം നിയന്ത്രിക്കും. പുരുഷ, വനിതാ വിഭാഗങ്ങളിൽ സിംഗിൾസ്, ഡബിൾസ്, മിക്സഡ് മത്സരങ്ങളാണ് നടക്കുക. മുൻ ടൂറിസം മന്ത്രി കൊടിയേരി ബാലകൃഷ്ണന്റെ സ്മരണാർത്ഥമാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സിംഗിൾ വിഭാഗത്തിന് 25000, 10000, 5000 രൂപയും ഡബിൾസ് വിഭാഗത്തിന് 50000, 25000,10000 രൂപയും ക്യാഷ് പ്രൈസും നൽകും. വള്ളംകളിയും കുട്ടവഞ്ചിയും കണ്ടുവളർന്ന മലയോര ജനതയ്ക്ക് കയാക്കിംഗ് പുത്തൻ അനുഭവമാകും.
കോന്നിയുടെ സാഹസിക വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിന് കയാക്കിംഗ് മത്സരം വഴിയൊരുക്കും. ട്രക്കിംഗ് ഉൾപ്പടെയുള്ള സാഹസിക വിനോദസഞ്ചാരം വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. കാക്കിംഗ്, കനോയിംഗ് മത്സരങ്ങളുടെ സ്ഥിരം കേന്ദ്രമായും പരിശീലന കേന്ദ്രമായും സീതത്തോട് മാറും. കയാക്കിംഗിലൂടെ കോന്നിക്കും സീതത്തോടിനും രാജ്യാന്തര പ്രശസ്തി കൈവരിക്കാനാകും.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |