ആലപ്പുഴ; ഓണക്കാലം കളറാക്കാൻ കഞ്ഞിക്കുഴി സ്വദേശിനിയായ ബി ടെക് വിദ്യാർത്ഥിനി സാന്ദ്ര സത്യൻ (20) തയാറാക്കിയ ഇൻവിസിബിൾ മാലകൾ സൂപ്പർ ഹിറ്റ്. ഒരു മാസം കൊണ്ട് കേരളം കടന്ന് അന്യസംസ്ഥാനങ്ങളിലേക്കും മാലയുടെ ഓർഡറെത്തി. യൂ ടൂബിൽ കണ്ട മാല നിർമ്മാണം മോഡലാക്കിയാണ് സാന്ദ്ര വീട്ടിലിരുന്ന് ഇവ നിർമ്മിച്ചുതുടങ്ങിയത്. മാലയുടെ ലോക്കറ്റുകൾ മാത്രം ഒറ്റനോട്ടത്തിൽ കാണാനാകുന്ന തരത്തിലാണ് 'ഇൻവിസിബിൾ' മാലകൾ തയാറാക്കുന്നത്. താമരമാല, കാശുമാല തുടങ്ങിയ മോഡലുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള മോഡലുകൾ തയ്യാറാക്കി നൽകുന്നുണ്ട്.
ബി ടെക് മൂന്നാം വർഷ വിദ്യാർത്ഥിനിയായ സാന്ദ്ര പഠിക്കുന്ന ഏറ്റുമാനൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജിൽ ഇത്തവണത്തെ ഓണാഘോഷത്തിന് സഹപാഠികളടക്കം അണിഞ്ഞത് സാന്ദ്ര തയാറാക്കിയ മാലകളായിരുന്നു. അദ്ധ്യാപകരും കസ്റ്റമർ ലിസ്റ്റിലുണ്ട്. തയാറാക്കുന്നവ സുഹൃത്തുക്കൾക്ക് സൗജന്യമായി നൽകുന്നതായിരുന്നു പതിവ്. ആവശ്യക്കാർ കൂടിയതോടെ സാദ്ധ്യതകൾ മനസ്സിലാക്കിയാണ് ഓൺലൈനിൽ ഹ്യുഗ്ലോ ഫാഷൻ സ്റ്റോർ എന്ന പേരിൽ വിപണി ആരംഭിച്ചത്. മാലകളുടെ നിർമ്മാണത്തിന് ഡിസൈൻ അനുസരിച്ച് ഒന്ന് മുതൽ മൂന്ന് മണിക്കൂർ വരെ സമയം ചെലവാകുന്നുണ്ട്. തുടക്കക്കാരിയായതിനാൽ പരമാവധി നൂറ് രൂപ മാത്രം ഈടാക്കിയാണ് മാലകളുടെ വില്പന. കമ്മൽ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. ചേർത്തല എസ്.എൻ.കവല പുത്തൻവെളിയിൽ കേബിൾ ഓപ്പറേറ്ററായ സത്യൻ, പച്ചക്കറി വ്യാപാരിയായ നിഷ എന്നിവരുടെ മകളാണ്. സഹോദരൻ :സന്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |