സുൽത്താൻ ബത്തേരി: സഞ്ചാര യോഗ്യമായ ഒരു റോഡ് അതാണ് താത്തൂർ ഉന്നതിക്കാരുടെ പതിറ്റാണ്ടുകളായ സ്വപ്നം. ഇത് പൂവണിയുന്നതും കാത്ത് കഴിയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു. 2025 കഴിയുന്നതിന് മുമ്പെങ്കിലും റോഡ് യാഥാർത്ഥ്യമാകുമോ എന്ന ചിന്തയിലാണ് നാട്ടുകാർ. ഉന്നതിയിലേയ്ക്ക് സഞ്ചാര യോഗ്യമായ റോഡ് ഉടൻ പ്രവർത്തികമാക്കാമെന്ന് 19 വർഷം മുമ്പ് മന്ത്രി നൽകിയ വാഗ്ദാനം ഇപ്പോഴും അങ്ങനെതന്നെ നിൽക്കുകയാണ്. ഉന്നതിയിലെ മുതിർന്നവരും കുട്ടികളും ഇപ്പോഴും ചെളിപ്പുഴ താണ്ടിയാണ് വീട്ടിൽ നിന്ന് പുറത്തേക്കും സ്‌കൂളുകളിൽ പോകുന്നതും തിരികെ വരുന്നതും. താത്തൂർ പണിയ ഉന്നതിയിൽ ഏഴുവീടകളാണുള്ളത്. ഇവിടെ പതിനാലോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ ഉന്നതിയിൽ നിന്ന് സ്‌കൂളിൽ പോകുന്ന കുട്ടികളുടെ എണ്ണം നോക്കിയാൽ ഇരുപതിനടത്തുവരും. ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്നവരുണ്ട്. പക്ഷേ ഇവരുടെ ഇപ്പോഴുള്ള യാത്ര ചളിനിറഞ്ഞതും ദുർഗ്ഗടം പിടിച്ചതുമായ ഈ റോഡിലൂടെയാണ്. ചെളി നിറഞ്ഞ ഈ പാതയിൽ അട്ട ശല്യവും വളരെ കൂടുതലാണ്. 2006ൽ ഫോട്ടോഗ്രാഫർ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച മണിയുടെ ഉന്നതിയാണ് താത്തൂർ. മണിക്ക് അവാർഡ് ലഭിച്ചപ്പോൾ ഇവിടെയെത്തിയ മന്ത്രി പാത ഗതഗാതയോഗ്യമാക്കുമെന്ന് ഉറപ്പുനൽകിയതാണ്. പക്ഷേ ഇപ്പോഴും മഴക്കാലമായാൽ കുട്ടികളും പ്രായമായവരും അസുഖമായവരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. കഴിഞ്ഞദിവസം ഉന്നതിയിലെ അസുഖബാധിതനായ പ്രജീഷിനെ മറ്റുള്ളവർ ചേർന്ന് വാഹനമെത്തുന്നിടത്തേക്ക് എടുത്തുകൊണ്ടുപോയാണ് ആശുപത്രിയിലെത്തിച്ചത്. ഇത് പ്രജീഷിന്റെ മാത്രം അവസ്ഥയല്ല. നടക്കാൻ സാധിക്കാത്ത പ്രായമവരുടെയും അസുഖബാധിതരുടെയുമെല്ലാം അവസ്ഥയാണ്. സ്‌കൂളിൽ പോകുന്ന കുട്ടികൾ ഉന്നതിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം ഈ ചളിപാത താണ്ടി വേണം വാഹനമെത്തുന്നിടത്തെത്താൻ. ചിലപ്പോൾ ഇവരെത്തുമ്പോഴേക്കും വാഹനം പോയിട്ടുണ്ടാകും. ചിലർ ചളിയിൽ വഴുതിവീണ് യൂണിഫോമിൽ ചളിപുരണ്ടകാരണം തിരികെ വീട്ടിലേക്ക് മടങ്ങേണ്ടിവരും. പലപ്പോഴും സ്‌കൂളിലേയ്ക്ക് പോകുന്ന കുട്ടികൾക്ക് ഈ ചളി താണ്ടി സ്‌കൂളിലെത്താൻ കഴിയാറില്ല. ഈയൊരു ദുരിതത്തിന് ആര് എന്ന് പരിഹാരം കാണുമെന്നാണ് ഉന്നതിക്കാർ ചോദിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവരുംവരുമെന്നും വാഗ്ദാനങ്ങൾ നൽകി പോവുകയല്ലാതെ പിന്നീട് ആരും തിരിഞ്ഞുനോക്കില്ലെന്നുമാണ് ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനിയെങ്കിലും 2025 കഴിയുന്നതിന് മുമ്പ് റോഡ് നന്നാക്കാൻ അധികൃതർ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് ഉന്നതിക്കാർ.
റിബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ആറാം മൈൽമുതൽ താത്തൂർവരെ റോഡ് നന്നാക്കാൻ ഒരു കോടി രൂപ പ്രഖ്യാപിക്കുകയും അളവ് കാര്യങ്ങൾ കഴിയുകയും ചെയ്തു. എന്നാൽ പിന്നീടൊരു നടപടിക്രമങ്ങളും നടന്നിട്ടില്ല. അതേസമയം ട്രൈബൽ വകുപ്പിൽ നിന്ന് 85 ലക്ഷം രൂപ വകയിരുത്തി റോഡ് നന്നാക്കാനുള്ള നടപടിക്രമങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതായി ഡിവിഷൻ കൗൺസിലർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |