ചികിത്സതേടാൻ വൈകരുത്: ഡി.എം.ഒ
കൽപ്പറ്റ: വയനാട്ടിൽ എലിപ്പനി പൊതുജനാരോഗ്യ ഭീഷണിയായി നിലനിൽക്കുന്നതിനാൽ പനിയടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ വൈകരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. മോഹൻദാസ് അറിയിച്ചു. 2024ൽ ജില്ലയിൽ 403 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 129 സംശയിക്കുന്ന കേസുകളുമുണ്ടായി. 25 പേർ മരണപ്പെട്ടു. 2025 ൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 45 സ്ഥിരീകരിച്ച കേസുകളും 102 സംശയിക്കുന്ന കേസുകളുമുണ്ടായിട്ടുണ്ട്. 18 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളും മധ്യവയസ്‌കരുമാണ്. പട്ടികവർഗ മേഖലയിലുള്ളവരും ഉൾപ്പെടുന്നു.
ലക്ഷണങ്ങളുണ്ടായിട്ടും ചികിത്സ നീട്ടികൊണ്ടു പോയവരാണ് ഭൂരിഭാഗവും. എലിപ്പനി ബാധക്ക് സാധ്യതയുള്ള സാഹചര്യത്തിൽ ജോലി ചെയ്യുമ്പോഴും ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളിക കഴിക്കാത്തവരും ഇതിൽ ഉൾപ്പെടുന്നു.
പ്രായഭേദമന്യേ ആർക്കും എലിപ്പനി ബാധിക്കാമെന്നും നേരത്തേ ചികിത്സ തേടിയില്ലെങ്കിൽ രോഗം ഗുരുതരമായി മരണം സംഭവിക്കാമെന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നു. എലി, കന്നുകാലികൾ, നായ, പൂച്ച, പന്നി തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന മാരകമായ ജന്തുജന്യ രോഗമാണ് എലിപ്പനി. വെള്ളത്തിലും, ചെളിയിലും കലരുന്ന മൃഗമൂത്രത്തിൽ അടങ്ങിയിരിക്കുന്ന ലെപ്രാസ്‌പൈറ ബാക്ടീരിയകൾ കാലിലെയും മറ്റും ചെറിയ മുറിവുകളിലൂടെയോ നേർത്ത തൊലിയിലൂടെയോ ശരീരത്തിലെത്തി എലിപ്പനി രോഗബാധയുണ്ടാക്കുന്നു. തലവേദനയോടുകൂടിയ പനിയും ശരീരവേദനയുമാണ് പ്രധാന ലക്ഷണം. രോഗാവസ്ഥയനുസരിച്ച് കണ്ണിൽ ചുവപ്പ് നിറമുണ്ടാകുന്നു.
നേരത്തേ കണ്ടെത്തി ചികിത്സിച്ചിച്ചില്ലെങ്കിൽ കരൾ, വൃക്ക, ശ്വാസകോശം എന്നിവയെയൊക്കെ ബാധിച്ച് മരണം സംഭവിച്ചേക്കാം. പനിയടക്കമുള്ള ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുകയും ശരിയായ ചികിത്സക്ക് വിധേയമാക്കുകയും ചെയ്യുക എന്നതാണ് രോഗം ഗുരുതരമാകാതിരിക്കുന്നതിനും മരണം തടയുന്നതിനുമുള്ള മാർഗ്ഗം.
മാലിന്യവുമായും മലിനജലവുമായും സമ്പർക്കമുണ്ടായാൽ സോപ്പിട്ട് നന്നായി കഴുകുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. മണ്ണുമായും മാലിന്യങ്ങളുമായും സമ്പർക്കമുണ്ടാകുന്ന തൊഴിലുകളിലേർപ്പെടുന്നവർ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ നിന്നും സൗജന്യമായി ലഭിക്കുന്ന എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ, ആരോഗ്യപ്രവർത്തകർ പറയുന്ന അളവിലും രീതിയിലും കഴിക്കണം. ഡോക്സിസൈക്ലിൻ എലിപ്പനി വരാതെ പ്രതിരോധിക്കുന്നതിനും രോഗം ഗുരുതരമാകാതിരിക്കുന്നതിനും സഹായിക്കുന്നു. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ, ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളിക, നേരത്തേയുള്ള ചികിത്സ എന്നിവയിലൂടെ എലിപ്പനി പൂർണ്ണമായി തടയുന്നതിനും എലിപ്പനി മൂലമുള്ള മരണങ്ങൾ ഇല്ലാതാക്കുന്നതിനും കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |