ലണ്ടൻ: ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം വിശ്വപ്രാർത്ഥന 104 ഭാഷയിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ട ഗ്രന്ഥം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ചു. ശിവഗിരി ആശ്രമം ഒഫ് യു.കെയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി ബെഹാരി,ഹാളിൽ നടന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഓക്സ്ഫോർഡ് മേയർ ലൂയിസ് ആപ്ടണിന് നൽകിയാണ് സമർപ്പണം നിർവ്വഹിച്ചത്.
ഇംഗ്ലീഷ് , ഗ്രീക്ക്, സംസ്‌കൃതം, ഹീബ്രു, യേശുദേവൻ സംവദിച്ച അരമായ, ശ്രീബുദ്ധൻ സംവദിച്ച പാലി, അറബി, ഇറ്റാലിയൻ, ജാപ്പനീസ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ബൂട്ടാനീസ്, ടിബറ്റൻ, നേപ്പാളി, സിൻഹള, ഇന്ത്യയിലെ ഹിന്ദി, ഭോജ്പുരി, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, പഞ്ചാബി, ഒഡീയ, ബംഗാളി, മണിപ്പൂരി, ആസാമീസ്, ഗുജറാത്തി എന്നിങ്ങനെ വിവിധ ഭാഷകളിലുള്ള ദൈവദശകമാണ് സമർപ്പിച്ചത്. ശിവഗിരി ആശ്രമം ഒഫ് യു.കെ പ്രസിഡന്റ് ബൈജു പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗുരുദർശന രഹ്ന ദൈവദശകം ആലാപനം ചെയ്തു. ആശ്രമം സെക്രട്ടറി സജീഷ്ദാമോദരൻ, ലണ്ടൻ യൂണിവേഴ്സിറ്റി റിട്ട.പ്രൊഫസർ അലക്സ്ഗ്യാത്ത്, ഇമാം മാത്യൂസർ, ജൂലിയറ്റ്, ഗിരീഷ് ഉണ്ണികൃഷ്ണൻ, കുടുംബയൂണിറ്റ് കൺവീനർ ഗണേഷ് ശിവൻ, വനിതാ കോ- ഓർഡിനേറ്റർ കലാജയൻ, ട്രഷറർ അനിൽകുമാർ രാഘവൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ ശശിധരൻ, ജോയിന്റ് കൺവീനർ സതീഷ് കുട്ടപ്പൻ, ഐ.ടി കൺവീനർ മധുരവീന്ദ്രൻ തുടങ്ങിയവരും സേവനം, ഗുരുധർമ്മപ്രചരണസഭ, ശ്രീനാരായണമിഷൻ പ്രവർത്തകരും പങ്കെടുത്തു.
ലോകത്തിന് സമാധാന മന്ത്രം
ദൈവിക പുരുഷനായ ശ്രീനാരായണ ഗുരുദേവൻ ജാതി മതദേശ സീമകൾക്കപ്പുറത്ത് വിശ്വത്തെ മുഴുവൻ ഒന്നായി കണ്ടതിന്റെ പ്രതിഫലനമാണ് ദൈവദശകം വിശ്വ പ്രാർത്ഥനയെന്ന് ഓക്സ്ഫോർഡ് മേയർ ലൂയിസ് ആപ്ടൺ പറഞ്ഞു.കരുണയും ജ്ഞാനവും പ്രബുദ്ധതയും ഒന്നു ചേർന്ന ലോകത്തെ ഗുരുദേവൻ സ്വപ്നം കണ്ടിരുന്നു. ദൈവദശകം പ്രാർത്ഥന മാത്രമല്ല, ലോകത്ത് ശാന്തിയും സമാധാനവും സൗഖ്യവും പ്രദാനം ചെയ്യുന്നതിനുളള ആഹ്വാന മന്ത്രം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു
വിശ്വമഹാഗുരു: സ്വാമി സച്ചിദാനന്ദ
ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, യേശു ക്രിസ്തു, മുഹമ്മദ് നബി തുടങ്ങിയ ലോക ഗുരുക്കന്മാരുടെ പരമ്പരയിൽ ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വ മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ദൈവദശകത്തെ പോപ്പ്
തിരുമേനി പോലും ലോക പ്രാർത്ഥനയായി പ്രഖ്യാപിച്ചതാണ്. ദൈവദശകം104 ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ട ചരിത്ര സംഭവത്തിന് നേതൃത്വം നൽകിയ ഗിരീഷ് ഉണ്ണികൃഷ്ണനെ സ്വാമി സച്ചിദാനന്ദ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |