SignIn
Kerala Kaumudi Online
Tuesday, 02 September 2025 8.01 AM IST

ഇന്ത്യ, സെമികണ്ടക്ടർ മായാജാലത്തിലേക്ക്

Increase Font Size Decrease Font Size Print Page
s

മുറിയാകെ നിറഞ്ഞ ഭീമാകാരൻ യന്ത്രങ്ങളായിരുന്നു ആദ്യകാലത്തെ കമ്പ്യൂട്ടറുകൾ. അക്കാലത്ത് ആയിരക്കണക്കിന് വാക്വം ട്യൂബുകളിൽ അവ പ്രവർത്തിച്ചു. ഇന്നു നമ്മൾ ഉപയോഗിക്കുന്ന മനോഹരമായ ഉപകരണങ്ങളെപ്പോലെയല്ല,​ പഴയ ടെലിഫോൺ എക്‌സ്‌ചേഞ്ച് പോലെയാണ് അവ കാണപ്പെട്ടിരുന്നത്. ഇന്ന്,​ നമ്മുടെ വിരൽനഖത്തേക്കാൾ ചെറിയ ചിപ്പിനുള്ളിൽ വളരെയധികം ശക്തി സംഭരിച്ചിരിക്കുന്നു. അവ പ്രവർത്തിക്കുന്നതാകട്ടെ, കോടിക്കണക്കിന് ട്രാൻസിസ്റ്ററുകളുടെ സഹായത്തോടെയും!

ഈ ചിപ്പുകളാണ് നമ്മുടെ മൊബൈൽ ഫോൺ, കാർ, ട്രെയിൻ,​ റഫ്രിജറേറ്റർ, ടിവി, ഫാക്ടറി ഉപകരണങ്ങൾ, വിമാനങ്ങൾ തുടങ്ങി എന്തും പ്രവർത്തിപ്പിക്കുന്നതും,​ ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ നയിക്കുന്നതും. ഇപ്പോഴിതാ, ഹൃദയാരോഗ്യം നിരീക്ഷിക്കാൻ സഹായിക്കുന്ന സ്മാർട്ട് റിംഗുകൾ പോലെ വിരലിൽ ധരിക്കാവുന്നത്ര കുഞ്ഞൻ ഉപകരണങ്ങളിൽ വരെ അവ എത്തിനില്ക്കുന്നു. അതാണ് സെമി കണ്ടക്ടറുകളുടെ മായാജാലം.

സെമികണ്ടക്ടർ

എന്ന അടിത്തറ

സെമി കണ്ടക്ടർ വ്യവസായം അടിസ്ഥാന വ്യവസായമാണ്. ഫാക്ടറികൾക്കും പാലങ്ങൾക്കും റെയിൽപ്പാതകൾക്കുമൊക്കെ ഉരുക്ക് അടിസ്ഥാനമാകുന്നതു പോലെ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയാണ് സെമി കണ്ടക്ടറുകൾ. ചിപ്പുകളില്ലാതെ ആധുനിക ആശയവിനിമയമോ ഡാറ്റാ പ്രോസസിംഗോ നിർമ്മിതബുദ്ധിയോ പുനരുപയോഗ ഊർജ്ജ സംവിധാനങ്ങളോ സുരക്ഷിതമായ പ്രതിരോധമോ സൃഷ്ടിക്കാനാകില്ല.

സെമികണ്ടക്ടറുകൾ രൂപകല്പന ചെയ്യാനും,​ ഉത്പാദിപ്പിക്കാനും കഴിയാത്ത രാഷ്ട്രം, ആരോഗ്യസംരക്ഷണം മുതൽ സുരക്ഷ വരെയുള്ള ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും.

ചിപ്പുകളുടെ പ്രാധാന്യം നമ്മെ വ്യക്തമായി ഓർമ്മിപ്പിച്ചത് കൊവിഡ് മഹാമാരിയാണ്. ലോകമെമ്പാടുമുള്ള ചിപ്പ് വിതരണ ശൃംഖല മന്ദഗതിയിലായപ്പോൾ വിവിധ വ്യവസായങ്ങളുടെ ഉത്പാദനത്തെ ബാധിച്ചു. വാഹന വ്യവസായം, നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ,​ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. ആഗോള ഭൗമരാഷ്ട്രീയത്തിന്റെ കാതലിലാണ് ഇപ്പോൾ സെമികണ്ടക്ടറുകൾ. ചിപ്പ് നിർമ്മാണം ഏതാനും പ്രദേശങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ചെറിയ പ്രതിബന്ധങ്ങൾ പോലും ലോകമെമ്പാടും വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഒരിടത്തെ വൈദ്യുതി തകരാറോ മറ്റൊരിടത്തെ ഫാക്ടറി അപകടമോ വിതരണത്തെയാകെ തടസപ്പെടുത്താം. ഇത് വ്യവസായങ്ങളെ മന്ദഗതിയിലാക്കുകയും രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും സുരക്ഷയെയും ബാധിക്കുകയും ചെയ്യും.

നാളെയിലേക്ക്

ഒരു വാതിൽ

സെമികണ്ടക്ടറുകളുടെ ആവശ്യകത ഭാവിയിൽ അതിവേഗം വർദ്ധിക്കും. നമ്മുടെ സ്വന്തം ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും ഉത്പാദനവും അഭൂതപൂർവമായി വളരുകയാണ്. ഇന്ന് ഇന്ത്യയിൽ 65 കോടിയിലധികം സ്മാർട്ട് ഫോൺ ഉപയോക്താക്കളുണ്ട്. നമ്മുടെ ഇലക്ട്രോണിക്‌സ് നിർമ്മാണം പ്രതിവർഷം 12 ലക്ഷം കോടിയിലെത്തി.

അതേസമയം, സെമികണ്ടക്ടർ ചിപ്പുകൾ ആവശ്യമുള്ള നിർമ്മിതബുദ്ധി അധിഷ്ഠിത സംവിധാനങ്ങൾ, ‌ഡാറ്റ സെന്ററുകൾ, വൈദ്യുത വാഹനങ്ങൾ എന്നിവയും നാം വികസിപ്പിക്കുന്നു. ആവശ്യകതയിലും നവീകരണത്തിലുമുള്ള ഈ കുതിച്ചുചാട്ടം ആഗോള സെമികണ്ടക്ടർ മൂല്യശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കേണ്ടതിനെ അനിവാര്യമാക്കുന്നു.

ഇന്ത്യയിൽ പത്ത് സെമികണ്ടക്ടർ പ്ലാന്റുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ആദ്യത്തെ 'മെയ്ഡ് ഇൻ ഇന്ത്യ" ചിപ്പ് ഈ വർഷം പുറത്തിറങ്ങുമെന്ന് നമുക്കിന്ന് ആത്മവിശ്വാസത്തോടെ പറയാനാകും. സാനന്ദിൽ ഒരു യൂണിറ്റിൽ പരീക്ഷണാർത്ഥ ഉത്പാദനം ആരംഭിച്ചുകഴിഞ്ഞു. ഒരുവർഷത്തിനകം, നാലു യൂണിറ്റുകൾ കൂടി ഉത്പാദനത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷ. അപ്ലൈഡ് മെറ്റീരിയൽസ്, ലാം റിസർച്ച്, മെർക്ക്, ലിൻഡെ തുടങ്ങി ആഗോളരംഗത്തെ പ്രമുഖ കമ്പനികൾ ഫാക്ടറികളെയും വിതരണ ശൃംഖലകളെയും പിന്തുണയ്ക്കുന്നതിൽ നിക്ഷേപം നടത്തുന്നു. ഇന്ത്യയിലെ സെമികണ്ടക്ടർ വ്യവസായത്തിന്റെ ദീർഘകാല വളർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകുന്ന ശ്രദ്ധയെ ഈ ആവാസവ്യവസ്ഥാ സമീപനം പ്രതിഫലിപ്പിക്കുന്നു.

ഇത്രയും ചെറിയ കാലയളവിൽ ശ്രദ്ധേയമായ ഈ വിജയത്തിലേക്കു നയിച്ചത് വിവിധ ഘടകങ്ങളുടെ സംയോജനമാണ്. പ്രധാനമന്ത്രിയുടെ വ്യക്തമായ കാഴ്ചപ്പാട്, നിർവഹണത്തിലെ ശ്രദ്ധ, തീരുമാനമെടുക്കാൻ പ്രൊഫഷണലുകൾക്ക് അധികാരം നൽകിയത്, ആഗോള സഹകരണം, സംസ്ഥാന സർക്കാരുകളുടെ പിന്തുണ എന്നിവയാണ് ഈ ഘടകങ്ങൾ. നമ്മുടെ രൂപകല്‍പനാ മികവും പ്രതിഭാ സഞ്ചയവും ഇതിൽ പ്രധാന പങ്കു വഹിക്കുന്നു.

തൊഴിൽ മേഖല

കാത്തിരിക്കുന്നു

അടുത്ത ദശകത്തിന്റെ തുടക്കത്തിൽ ലോകത്ത് ഒരു ദശലക്ഷത്തിലധികം സെമികണ്ടക്ടർ പ്രൊഫഷണലുകളുടെ കുറവുണ്ടാകും. ഈ വിടവു നികത്താനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. 350 സ്ഥാപനങ്ങളിലും സ്റ്റാർട്ടപ്പുകളിലുമായി 60,000-ത്തിലധികം ഉപയോക്താക്കൾ ഇന്ത്യാ ഗവൺമെന്റ് സൗജന്യമായി നൽകുന്ന ലോകോത്തര ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ (EDA) സങ്കേതങ്ങൾ ഉപയോഗിക്കുന്നു. 2025-ൽ മാത്രം അവയുടെ ഉപയോഗം 1.2 കോടി മണിക്കൂർ കവിഞ്ഞു. ഗവണ്മെന്റിന്റെ കരുത്തുറ്റ പിന്തുണയോടെ സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ ചിപ്പ് രൂപകല്പനാ ആവാസ വ്യവസ്ഥയെ ഊർജ്ജസ്വലമാക്കുന്നു. മദ്രാസ് ഐ.ഐ.ടിയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത SHAKTI പ്രോസസറിൽ നിർമ്മിച്ച IoT ചിപ്പുകൾ മൈൻഡ്‌ഗ്രോവ് ടെക്‌നോളജീസ് വികസിപ്പിക്കുകയാണ്.

മറ്റൊരു സ്റ്റാർട്ടപ്പായ നേത്രസെമി അടുത്തിടെ 107 കോടിയുടെ റെക്കാഡ് ധനസഹായം നേടി. ഇന്ത്യയിലെ സെമികണ്ടക്ടർ രൂപകല്പനാ മേഖലയിലെ ഏറ്റവും വലിയ വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപങ്ങളിൽ ഒന്നാണിത്. ഈ മേഖലയിൽ നിക്ഷേപകരുടെ വിശ്വാസം വർദ്ധിച്ചുവരുന്നതിന്റെ തെളിവു കൂടിയാണ് ഇത്. മൊഹാലിയിലെ സെമികണ്ടക്ടർ പരീക്ഷണശാലയിൽ (SCL) പതിനേഴ് സ്ഥാപനങ്ങളിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികൾ ഇതിനകം 20 ചിപ്പുകൾ നിർമ്മിച്ചുകഴിഞ്ഞു. വരുംമാസങ്ങളിൽ ഇത്തരം കൂടുതൽ ചിപ്പുകൾ പുറത്തിറങ്ങും. ഈ പ്രതിഭാ വികസനം രാജ്യത്തെ സെമികണ്ടക്ടർ വ്യവസായത്തെ ശക്തമായ നിലയിലെത്തിക്കും.

ഭാവിക്കായി പ്രതിഭകളെ സൃഷ്ടിക്കുന്നതിന് അമേരിക്ക, ജപ്പാൻ, യൂറോപ്യൻ യൂണിയൻ, സിംഗപ്പൂർ എന്നിവിടങ്ങളിലെ പങ്കാളികളുമായി ഇന്ത്യ വളരെ അടുത്തു പ്രവർത്തിക്കുന്നു. പ്രാദേശിക പ്രതിഭകളുടെയും ആഗോള സഹകരണത്തിന്റെയും ഈ സംയോജനം ഇന്ത്യക്കുവേണ്ടി മാത്രമല്ല, ലോകത്തിനാകെയും പ്രയോജനപ്രദമാകുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണ് രാജ്യത്തിന്റെ സെമികണ്ടക്ടർ യാത്ര. ഡിജിറ്റൽ അടിസ്ഥാനസൗകര്യം കെട്ടിപ്പടുക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും ചെയ്ത 'ഡിജിറ്റൽ ഇന്ത്യ" ദൗത്യത്തിലൂടെയാണ് ഇതിനു തുടക്കമിട്ടത്.

'സെമികോണി"ന്

ഇന്ന് തുടക്കം

ഇന്ന് ‌‌ഡൽഹിയിൽ ആരംഭിക്കുന്ന 'സെമികോൺ ഇന്ത്യ ഉച്ചകോടി 2025", ഈ യാത്രയുടെ തുടർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. പ്രധാനമന്ത്രി ഇന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷം നൂറുപേരാണ് ഉച്ചകോടിയിൽ പങ്കെടുത്തതെങ്കിൽ ഇത്തവണ 48 രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം ആഗോള വ്യവസായ പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കുന്നു. അസ്ഥിരതകൾ കാരണം ബുദ്ധിമുട്ടുന്ന ലോകത്തിന്റെ പ്രതീക്ഷ സ്ഥിരതയുള്ള ഇന്ത്യയാണ് എന്നതുകൊണ്ട്,​ ലോകം നമ്മുടെ പടിവാതിൽക്കൽ എത്തുകയാണ്!

ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക പവലിയനുകൾ അർത്ഥവത്തായ സഹകരണമൊരുക്കും. ലോകമെമ്പാടുമുള്ള വ്യവസായ യുവ പ്രതിഭകൾക്കിടയിൽ നാം 'ബി 2 ബി" ചർച്ചകളും ധാരണാപത്രങ്ങളും പങ്കാളിത്തങ്ങളും യാഥാർത്ഥ്യമാക്കും. അടുത്ത ദശകത്തിൽ നമ്മുടെ സെമികണ്ടക്ടർ യൂണിറ്റുകൾ പക്വതയും വ്യാപ്തിയും കൈവരിക്കുമ്പോൾ, സെമികണ്ടക്ടർ മൂല്യശൃംഖലയുടെ മത്സരാധിഷ്ഠിത കേന്ദ്രമായി ഉയർന്നുവരാൻ ഒരുങ്ങുകയാണ് ഇന്ത്യ.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.