ചെന്നിത്തല: ഒന്നര മാസത്തിലേറെയായി പാലത്തിന്റെ തൂണുകളിൽ കുടുങ്ങിക്കിടന്ന മുളങ്കൂട്ടങ്ങളും പാഴ്തടികളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു. ചെന്നിത്തല - തൃപ്പെരുന്തുറ പഞ്ചായത്ത് 17, 18 വാർഡുകളെ ബന്ധിപ്പിച്ച് അച്ചൻകോവിലാറിന് കുറുകെയുള്ള കാങ്കേരിൽ അടുക്കളപ്പുറം ആംബുലൻസ് പാലത്തിന്റെ തൂണുകളിലാണ് മാലിന്യങ്ങൾ അടിഞ്ഞ് കൂടിയിരുന്നത്. പ്രദേശവാസികളുടെ ഈ ദുരിതാവസ്ഥ കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 1999ൽ നിർമിച്ച പാലത്തിന്റെ തൂണുകൾ കാലപ്പഴക്കത്താൽ ദ്രവിച്ചു തുരുമ്പെടുത്ത് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു. ഈ തൂണുകളിലാണ് വലിയ തടിയുൾപ്പെടെ തങ്ങിനിന്നത്. നാട്ടുകാർക്ക് പുറംലോകത്തേക്കു പോകുന്നതിനുള്ള ഏകമാർഗമാണ് ഈ പാലം. കിഴക്കൻ വെള്ളത്തിന്റെ വരവിൽ ഇവ അച്ചൻകോവിലാറ്റിലൂടെ ഒഴുകിയെത്തിയിട്ട് മൂന്ന് മാസമായിട്ടും നീക്കം ചെയ്യാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. 6ന് പുത്തനാറ്റിലെ വാഴക്കൂട്ടം കടവിൽ നടക്കേണ്ട ചെന്നിത്തല സന്തോഷ് ട്രോഫി ജലോത്സവ നടത്തിപ്പിനു ഇത് തടസമാകുമെന്നു കാട്ടി ജലോത്സവ സമിതിയും പരാതിയുമായി രംഗത്തെത്തിയിരുന്നു.
...............
# 4 ദിവസം കൊണ്ട് മാലിന്യം നീക്കം ചെയ്തു
മേജർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂ ട്ടീവ് എൻജിനീയർ പി.എസ്.വിനോദ്, അസി.എൻജിനീയർ സി.ജ്യോതി എന്നിവരിടപ്പെട്ടതിനെ തുടർന്ന്, 4 ദിവസം കൊണ്ടു മാലിന്യം പൂർണമായും നീക്കംചെയ്തു നീരൊഴുക്കു സുഗമമാക്കുകയായിരുന്നു. ഇവ നീക്കം ചെയ്യുന്നതിനു മേജർ ഇറിഗേഷൻ വകുപ്പ് 38,000 രൂപയുടെ ടെൻഡർ ക്ഷണിച്ചിരുന്നു. ടെൻഡർ പലതവണ ആവർത്തിച്ചിട്ടും തുക കുറവായതിനാൽ ആരും ഏറ്റെടുക്കാതിരുന്നതാണ് മാലിന്യ നീക്കം നീണ്ടു പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |