ചിറയിൻകീഴ്: ഏറെ നാളത്തെ കാത്തിരിപ്പിനും പരാതികൾക്കും വിരാമമിട്ട് ചിറയിൻകീഴ് ഓവർബ്രിഡ്ജിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. ഔദ്യോഗികമായ ഉദ്ഘാടനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും പൂർത്തിയാകുന്ന മുറയ്ക്ക് മറ്റൊരവസരത്തിൽ നടത്തും. അപ്പ്രോച്ച് റോഡ്, പാലത്തിലെ ലൈറ്റ്, നടപ്പാതയിലെ കൈവരി എന്നിവയുടെയെല്ലാം നിർമ്മാണ പ്രവർത്തനങ്ങളിൽ ഇനിയും ജോലികൾ ബാക്കി കിടക്കുകയാണ്. നാല് പതിറ്റാണ്ടോളം നീണ്ടുകിടന്ന ചിറയിൻകീഴുകാരുടെ ചിരകാലാഭിലാഷമാണ് ഇന്നലെ മുതൽ സാദ്ധ്യമായത്. ദിവസങ്ങൾക്ക് മുമ്പ് ഏതാനും സമയം നാട്ടുകാർ പാലത്തിലൂടെ വാഹനങ്ങൾ ഓടിച്ചെങ്കിലും പൊലീസെത്തി തടയുകയായിരുന്നു. അന്ന് ടാറിംഗിലെ അവസാനവട്ട ഫിനിഷിംഗ് ജോലികൾ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. അതുകൂടി കഴിഞ്ഞതോടെയാണ് ഇന്നലെ മുതൽ വാഹനങ്ങൾ ഓടിത്തുടങ്ങിയത്.
ഓവർബ്രിഡ്ജ് നിർമ്മിച്ചത് - ചിറയിൻകീഴ് റെയിൽവേ ഗേറ്റിൽ ചിറയിൻകീഴ്-കടയ്ക്കാവൂർ റോഡിൽ
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് - 2021ൽ
ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്ന് പറഞ്ഞുതുടങ്ങിയ വർക്ക് വർഷങ്ങളോളം നീണ്ടത് യാത്രക്കാരുടെയും നാട്ടുകാരുടെയും വ്യാപാരികളുടെയും ദുരിതങ്ങൾ ഇരട്ടിയാക്കി. പാലം പണി നീളുന്നതിനെതിരെ വ്യാപാരികളടക്കം വിവിധ സംഘടനകൾ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ഗതാഗതക്കുരുക്ക്
തലവേദന സൃഷ്ടിച്ചിരുന്നു
ചിറയിൻകീഴ് റൂട്ടിലെ വാഹനങ്ങൾ ശാർക്കര വഴിയാണ് കടന്നുപോയിരുന്നത്. ഇതുകാരണം ഈ റൂട്ടിലെ ദുരിതങ്ങളും ഏറെയായിരുന്നു. ശാർക്കര ദേവീക്ഷേത്രം, സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് എല്ലാം പോകുന്നവർക്ക് ഈ റോഡിലെ ഗതാഗതക്കുരുക്ക് വൻ തലവേദനയായിരുന്നു. ഇതിനെല്ലാം അറുതിയായി ഓണസമ്മാനമായി വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ നാട്ടുകാരും യാത്രക്കാരും സന്തോഷത്തിലാണ്.
നിർമ്മാണത്തിന്
25 കോടി
പാലത്തിനും അനുബന്ധ റോഡിനുമായി 1.5 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. 600മീറ്റർ നീളത്തിൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്. പാലം തുറന്നതോടെ ചിറയിൻകീഴിൽ നിന്നും കടയ്ക്കാവൂർ ഭാഗത്തേക്ക് യാത്ര ചെയ്യാനും പുതിയ പാലത്തിലൂടെ സഞ്ചരിക്കാനുമായി നിരവധി യാത്രക്കാരാണ് എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |