* അഞ്ച് കേയ്സ് മദ്യം നിലത്ത് പൊട്ടിക്കിടക്കുന്ന നിലയിൽ
പറവൂർ: നഗരത്തിലെ പല്ലംതുരുത്ത് റോഡിലുള്ള ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ മോഷണം. വിലകൂടിയ വിവിധ ബ്രാൻഡുകളിൽപ്പെട്ട 12 കുപ്പി മദ്യവും രണ്ടായിരത്തോളം രൂപയും നഷ്ടപ്പെട്ടു. അഞ്ച് കേയ്സ് മദ്യം നിലത്ത് പൊട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
അവധിദിവസമായ ഒന്നാംതീയതി രാത്രി രണ്ടിനാണ് മോഷണം. ഇന്നലെ രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. താഴത്തെ നിലയിൽ സാധാരണ കൗണ്ടറും മുകളിൽ പ്രീമിയം കൗണ്ടറുമാണ് പ്രവർത്തിക്കുന്നത്. താഴത്തെ ഒരുഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കിടന്ന മോഷ്ടാക്കൾ മുകളിലെ നിലയിലെ പ്രീമിയം കൗണ്ടറിലേക്ക് കടന്നു. വിലകൂടിയ മദ്യങ്ങൾ ബേസ്ബോർഡ് പെട്ടിയിലാക്കിയാണ് കൊണ്ടുപോയിട്ടുള്ളത്. അഞ്ച് കെയ്സ് മദ്യം പൊട്ടിയത് മോഷ്ടാക്കൾ അകത്തുകൂടി നടന്നപ്പോഴാകാമെന്നാണ് നിഗമനം. സംഘത്തിലുണ്ടായിരുന്ന മൂന്നുപേരിൽ രണ്ട് പേരാണ് അകത്തുകടന്നിട്ടുള്ളത്. ഇവരുടെ സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നഷ്ടപ്പെട്ടതുക നാണയങ്ങളാണ്. ഷട്ടറിന്റെ താഴ് തകർക്കാൻ ഉപയോഗിച്ച ചുറ്റിക സമീപത്തുനിന്ന് പൊലീസിന് ലഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |